ന്യൂഡൽഹി
ഡൽഹിയിൽ അച്ഛനെ “പുനർജനിപ്പിക്കാൻ’ ആഭിചാരക്കൊലയ്ക്കായി യുവതി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കൃത്യസമയത്ത് പൊലീസ് എത്തി കുഞ്ഞിനെ രക്ഷിച്ചു. ഗാർഹി പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. കേസിൽ കോട്ട്ല മുബാറക്പുർ സ്വദേശിയായ ശ്വേത (25) പിടിയിലായി. സഫ്ദർജങ് ആശുപത്രിയിൽവച്ചാണ് കുഞ്ഞിന്റെ അമ്മ ശ്വേതയെ പരിചയപ്പെട്ടത്.
പിന്നീട് വീട്ടിലെത്തി ബന്ധുക്കളെ ശീതള പാനീയം നല്കി മയക്കിയശേഷം കുഞ്ഞിനെ തട്ടികൊണ്ടുപോകുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തി ശ്വേതയെ പിടികൂടി. ഒക്ടോബറിൽ മരിച്ച അച്ഛനെ “പുനർജനിപ്പിക്കാൻ’ ആണ് കുഞ്ഞിനെ ബലികൊടുക്കാനാണ് ശ്രമിച്ചതെന്ന് ശ്വേത വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.