തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ചാൻസലറുടെ ഇടപെടലുകളിൽ പൊതുജനങ്ങൾക്കുള്ള ആശങ്കയും വികാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതാകും രാജ്ഭവൻ മാർച്ചെന്ന് ഡോ. ബി ഇക്ബാൽ. വിദ്യാഭ്യസ സംരക്ഷണ കൂട്ടായ്മ ചൊവ്വാഴ്ചയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
ജനകീയ മാർച്ചിന്റെ ആശയം സമചിത്തതയോടും വിവേകത്തോടുംകൂടി പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കാൻ ഗവർണറെ ചിന്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടായ്മ ചെയർമാനും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഇക്ബാൽ പറഞ്ഞു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല വലിയൊരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയായിരുന്നു. മൂന്ന് കമീഷനെ നിയോഗിച്ച് റിപ്പോർട്ട് പഠിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ ശ്രമിക്കുകയാണ് സർക്കാർ. എന്നാൽ, ഈ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നവീകരണ ശ്രമങ്ങളെയെല്ലാം ദുർബലപ്പെടുത്തുന്നതാണ് ചാൻസലർ കൂടിയായ ഗവർണറുടെ സമീപനം. പ്രൊ ചാൻസലറുമായും വിസിയുമായും പ്രൊ വിസിയുമായും ചേർന്ന് പ്രവർത്തിക്കേണ്ടയാളാണ് ചാൻസലർ.
എന്നാൽ, സർക്കാരിനോടും ഉന്നതവിദ്യാഭ്യാസ വകുപ്പിനോടും അദ്ദേഹം ശത്രുതാപരമായി പെരുമാറുന്നു. ചാൻസലറുടെ പല തീരുമാനങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. രാജ്ഭവൻ മാർച്ച് ഗവർണർക്കെതിരായ യുദ്ധപ്രഖ്യാപനമല്ലെന്നും ഡോ. ഇക്ബാൽ പറഞ്ഞു.