തിരുവനന്തപുരം
സംസ്ഥാന സർക്കാരിനു കീഴിലെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് സർക്കാർ രാജ്ഭവന് കൈമാറി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് അംഗീകാരത്തിനായി ഗവർണർക്കു സമർപ്പിച്ചത്. നിലവിൽ ഗവർണറാണ് ചാൻസലർ. ശനിയാഴ്ച ഡൽഹിയിലേക്ക് പോയ ഗവർണർ ഇരുപതിനേ തിരിച്ചെത്തൂ. മടങ്ങിവന്നശേഷമേ നടപടിയുണ്ടാകൂവെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന. ഓർഡിനൻസിൽനിന്ന് സർക്കാർ പിന്നോട്ട് പോകുന്നുവെന്ന മാധ്യമ അഭ്യൂഹങ്ങൾ ഇതോടെ അസ്ഥാനത്തായി.
|
പതിനാലു സർവകലാശാലയിലും ചാൻസലർമാരായി അക്കാദമിക് രംഗത്തെ വിദഗ്ധരെ നിയമിക്കും. രണ്ടാം പിണറായി സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന വിവിധ പദ്ധതികളെ വേഗത്തിലാക്കാനും വികസനത്തിനുള്ള തടസ്സങ്ങൾ ഒഴിവാക്കാനും ഇതുമൂലം കഴിയും. രാഷ്ട്രപതിയുടെ ഉപദേശംകൂടി സ്വീകരിച്ചേ ഒപ്പിടൂവെന്ന് ഗവർണർ നേരത്തേ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് കാണാതെ ഗവർണർ അഭിപ്രായം പറഞ്ഞത് വിവാദമായിരുന്നു.
ഗവർണർക്ക് മുൻവിധിയോടെ സമീപിക്കാനാകില്ല
പ്രത്യേക ലേഖകൻ
കൊച്ചി
സർവകലാശാലകളുടെ ചാൻസലറായി വിദഗ്ധരെ നിയമിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഭരണഘടനാനുസൃതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഓർഡിനൻസിൽ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ പറഞ്ഞതായി കരുതുന്നില്ല. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്നവർക്ക് മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കാനാകില്ല. മന്ത്രിസഭയാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. വിവിധ വകുപ്പിന്റെ പരിശോധന കഴിഞ്ഞാണ് അത് രാജ്ഭവനിലെത്തുന്നത്. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലുള്ളപ്പോൾ മാത്രമേ ആ വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ തടസ്സമുള്ളൂ. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമനിർമാണത്തിന് തടസ്സമുണ്ടാവില്ല.
സഭ ചേരാൻ തീരുമാനിക്കാത്ത സാഹചര്യത്തിൽ നിയമസഭാസമ്മേളനം നീട്ടുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഭരണഘടനയും ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നിയമസഭ എന്തുചെയ്യണം, ഗവർണർ എന്തുചെയ്യണം എന്നൊക്കെ ഭരണഘടന പറയുന്നുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രാജീവ് പറഞ്ഞു.