തിരുവനന്തപുരം
ആനാവൂരിലെ നാരായണൻ നായർ വധക്കേസിൽ ബിഎംഎസ് നേതാവടക്കം 11 ആർഎസ്എസ് പ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതിവിധി മുക്കി മുഖ്യധാരാപത്രങ്ങൾ. മാതൃഭൂമി, മനോരമ പത്രങ്ങൾക്ക് ബിജെപിയോടും ആർഎസ്എസിനോടുമുള്ള പ്രീതിയും ഭക്തിയുമാണ് ഇതിലൂടെ പുറത്തുവന്നത്. ഒതുക്കിയും മുക്കിയും പ്രതികൾ ആർഎസ്എസുകാരാണെന്നതടക്കമുള്ള വിവരങ്ങൾ മറച്ചുവച്ചുമാണ് മാധ്യമങ്ങൾ സംഘപരിവാർ കൂറ് പ്രകടിപ്പിച്ചത്.
എസ്എഫ്ഐ നേതാവായിരുന്ന ശിവപ്രസാദിനെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിക്കുന്നതിനിടെ തടസ്സം നിന്നതിനാണ് ശിവപ്രസാദിന്റെ അച്ഛനും കെഎംസിഎസ്യു സംസ്ഥാന കമ്മിറ്റി അംഗവുമായ നാരായണൻ നായരെ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 2013 നവംബർ അഞ്ചിനു രാത്രി കുടുംബാംഗങ്ങളുടെ മുന്നിലായിരുന്നു അരുംകൊല. തിരുവനന്തപുരം നഗരസഭാ ജീവനക്കാരൻകൂടിയായിരുന്നു നാരായണൻ നായർ. മുൻവൈരാഗ്യത്തിൽ ശിവപ്രസാദിനെ കൊലപ്പെടുത്താൻ എത്തിയ സംഘം അച്ഛൻ നാരായണൻ നായരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കോടതി കണ്ടെത്തൽ എന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞുപോയ മനോരമ പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണെന്നത് മറച്ചു. ജില്ലയ്ക്കു പുറത്ത് വാർത്ത കൊടുക്കാതിരിക്കാനും ശ്രദ്ധിച്ചു. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കൊലപാതക വാർത്ത മാതൃഭൂമി പ്രാദേശികമായി ഒതുക്കി. ആർഎസ്എസിന്റെയും ബിജെപിയുടെയും ക്രൂരതകൾ എല്ലായ്പ്പോഴുമെന്നപോലെ മറച്ചുപിടിക്കാനുള്ള മാധ്യമ താൽപ്പര്യം ഇവിടെയും വ്യക്തം.
ഒന്നാംപ്രതി ബിഎംഎസിന്റെ സംസ്ഥാന നേതാവും കെഎസ്ആർടിസിയിലെ ബിജെപി ട്രേഡ് യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വെള്ളംകൊള്ളി രാജേഷാണ്. ഈ വിവരവും മറച്ചു. ജമാഅത്തെ ഇസ്ലാമി പത്രമായ മാധ്യമവും അപ്രധാനമായി വാർത്ത ഒതുക്കിയാണ് സംഘപരിവാറിനെ സഹായിച്ചത്. വലതുപക്ഷ മാധ്യമങ്ങൾക്ക് ബിജെപിയോടും ആർഎസ്എസിനോടുമുള്ള മമത മാത്രമല്ല, സിപിഐ എമ്മിനോടുള്ള പകയുമാണ് പ്രകടിപ്പിച്ചത്.