റിയോ ഡി ജനിറോ
പെലെയെന്നാൽ ബ്രസീലുകാർക്ക് ഫുട്ബോൾതന്നെയെന്ന് നെയ്മർ. അതൊരു വികാരമാണ്. ഈ കളിയിലെ രാജാവാണ് അദ്ദേഹം. മഞ്ഞക്കുപ്പായം നൽകുന്ന അഭിമാനവും ആത്മവിശ്വാസവും ചെറുതല്ല.
ഖത്തർ ലോകകപ്പിലെ പ്രതീക്ഷ?
ലോകകപ്പ് ഒരിക്കലും ചെറിയ വേദിയല്ല. പൂർണസമർപ്പണമാണ് ലക്ഷ്യം. കളിക്കാരെല്ലാം തയ്യാറാണ്. കളിക്കാനിറങ്ങിയാൽ ജയിക്കുകമാത്രമാണ് ചിന്ത. അതൊരിക്കലും മാറില്ല. പക്ഷേ, ഈ വേദിയിലെ കളി വേറെതന്നെയെന്ന് പറയാതെവയ്യ.
ഗ്രൂപ്പിലുള്ളത് രണ്ട് യൂറോപ്യൻ ടീമുകളും ഒരു ആഫ്രിക്കൻ ടീമുമാണ്. സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ. എല്ലാം നല്ല മത്സരമായിരിക്കും. ലോകകപ്പിൽമാത്രമാണ് ഈ ടീമുകളുമായി ഏറ്റുമുട്ടാൻ സാധിക്കുന്നത്. അതുതന്നെയാണ് ലോകകപ്പിന്റെ സവിശേഷത.
ക്ലബ് സീസണിനിടെ ലോകകപ്പ്?
ലോകകപ്പ് സാധാരണ ജൂണിലും ജൂലൈയിലുമായാണ് നടക്കാറ്. അപ്പോഴേക്കും യൂറോപ്പിലടക്കം ക്ലബ് സീസണുകൾ അവസാനിക്കാറാണ് പതിവ്. ഇക്കുറി ലോകകപ്പ് ക്ലബ് സീസണിനിടെയാണ്. ഇക്കാര്യം ഖത്തറിന് ലോകകപ്പ് അനുവദിച്ചപ്പോൾത്തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. ദേശീയ ടീമിന്റെകൂടെ കളിക്കാർക്ക് കൂടുതൽ സമയം ലഭിക്കില്ലെന്നത് ശരിയാണ്. പക്ഷേ, ലീഗിലെ മികച്ച കളിക്കിടെയാണ് ദേശീയ ടീമിനൊപ്പം ചേരുന്നത്. അപ്പോൾ ക്ലബ്ബിനായി കളിക്കുമ്പോഴുള്ള പ്രകടനം ദേശീയ കുപ്പായത്തിലും തുടരാനാകും.
ലോകകപ്പ് ടീമിനെക്കുറിച്ച്?
ടിറ്റെ തുടർച്ചയായി രണ്ടാംലോകകപ്പിലും കോച്ചായി എത്തുന്നത് നല്ലകാര്യമാണ്. അദ്ദേഹത്തിന്, പരീക്ഷണങ്ങൾക്കും കളിക്കാരുടെ മികവ് തിരിച്ചറിയാനും ധാരാളം സമയം കിട്ടി. അതിനാൽ മികച്ച ടീമിനെയാണ് ലോകകപ്പിൽ അവതരിപ്പിക്കുന്നത്.