തിരുവനന്തപുരം
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവത്തിൽ, ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രകാശിന്റെ സുഹൃത്തുക്കളായ ആർഎസ്എസ് പ്രവർത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. പ്രകാശിനൊപ്പം ആശ്രമം കത്തിച്ച സംഘത്തിലുണ്ടായിരുന്ന ഇവർ സംഭവം പുറത്തുപറഞ്ഞു എന്നാരോപിച്ച് പ്രകാശിനെ ക്രൂരമായി മർദിച്ചതായി പ്രകാശിന്റെ സഹോദരൻ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. കൃഷ്ണകുമാർ, ശ്രീകുമാർ, സതീഷ്കുമാർ, രാജേഷ്, രതീഷ് എന്നിവരാണ് മർദിച്ചത്. ഇവരെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. മൊഴി ശേഖരിക്കുകയും ആവശ്യമെങ്കിൽ ചോദ്യം ചെയ്യുകയുംചെയ്യും.
ഇതോടെ ആശ്രമം കത്തിച്ച സംഭവത്തിന്റെ ചുരുളഴിയുമെന്നും പ്രകാശിന്റെ മരണത്തിലെ ദുരൂഹതയകറ്റാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. കുണ്ടമൺഭാഗം ആർഎസ്എസ് ശാഖയിലെ മുഖ്യശിക്ഷകായിരുന്ന പ്രകാശിനെ കഴിഞ്ഞ ജനുവരി മൂന്നിനാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിന് ഒന്നര മണിക്കൂർ മുമ്പ് ആർഎസ്എസ് പ്രവർത്തകർ പ്രകാശിനെ ക്രൂരമായി മർദിച്ചിരുന്നതായാണ് പ്രകാശിന്റെ സഹോദരന്റെ വെളിപ്പെടുത്തൽ.
മൊഴിയിൽ കുടുങ്ങി ബിജെപി നേതൃത്വം
ആശ്രമം കത്തിച്ചതിൽ പ്രകാശിന്റെ പങ്ക് സഹോദരൻ പ്രശാന്ത് അന്വേഷക സംഘത്തിന് മൊഴി നൽകിയത് ബിജെപി, ആർഎസ്എസ് നേതൃത്വത്തെ ഞെട്ടിച്ചു. അന്വേഷണം പ്രവർത്തകരിൽ എത്തിയാൽ തങ്ങളിലേക്ക് അധിക ദൂരമില്ലെന്നതാണ് നേതൃത്വത്തെ കൂടുതൽ ഭയപ്പെടുത്തുന്നത്. പ്രമുഖ വലതുപക്ഷ പത്രത്തെ ഉപയോഗിച്ച് അന്വേഷകസംഘത്തെയും നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തും വിധത്തിലുള്ള വാർത്ത പ്രസിദ്ധീകരിച്ചതും ബിജെപി നേതൃത്വത്തിന്റെ താൽപ്പര്യത്തിലാണ്.