ആർ രഞ്ജിത്
ഓർക്കാപ്പുറത്താണ് അർജന്റീന ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. മുൻ കോച്ച് ജോർജ് സാമ്പോളിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു നാൽപ്പത്തിനാലുകാരൻ. 2018 ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റ് പ്രീക്വാർട്ടറിൽ പുറത്തായതോടെ സാമ്പോളി തെറിച്ചു. സഹപരിശീലകരായ സ്കലോണിയെയും പാബ്ലോ ഐമറെയും താൽക്കാലിക ചുമതലയേൽപ്പിച്ചു. സാമ്പോളിക്കൊപ്പം സെവിയ്യയിൽ ഒപ്പമുണ്ടായിരുന്ന സ്കലോണിക്ക് പരിശീലകറോളിൽ വലിയ പരിചയമൊന്നുമില്ലായിരുന്നു. അർജന്റീന അണ്ടർ 20 ടീമിനെ മുഖ്യ കോച്ചായി നയിച്ചതാണ് ഏക അനുഭവം. അതാകട്ടെ അഞ്ച് മത്സരത്തിൽമാത്രം.
മുൻ പ്രതിരോധക്കാരൻകൂടിയായ സ്കലോണിയുടെ തുടക്കം നന്നായില്ല. എന്നാൽ, 2018ൽ തകർന്നടിഞ്ഞ ടീമിനെ പതിയെ കൈപിടിച്ചുയർത്തി. മനോവീര്യം തകർന്ന ലയണൽ മെസി ഉൾപ്പെടെയുള്ള താരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്തു. 2019 കോപയായിരുന്നു പരീക്ഷണവേദി. തിരിച്ചുവരവിന്റെ സൂചന കാട്ടിയുള്ള പ്രകടനം. ടീം മൂന്നാംസ്ഥാനത്തെത്തി. ഇതിനിടെ കോച്ചിന്റെ പൂർണചുമതല കിട്ടി. അന്ന് സെമിയിൽ ബ്രസീലിനോട് കീഴടങ്ങിയശേഷം അവസാന 35 കളിയിലും തോൽവി അറിഞ്ഞിട്ടില്ല. 24 ജയവും 11 സമനിലയും. മൂന്നുവർഷമായി അജയ്യർ.
ഇറ്റലിയുടെ 37 കളിയുടേതാണ് ലോക റെക്കോഡ്. 28 വർഷത്തെ കിരീടവരൾച്ചയ്ക്ക് വിരാമമിട്ട് കഴിഞ്ഞവർഷം കോപ അമേരിക്കയിൽ ചാമ്പ്യന്മാരായി. തൊട്ടുപിന്നാലെ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ ട്രോഫിയും.
മെസിയെമാത്രം കേന്ദ്രീകരിച്ചുള്ള കളിശൈലി പൊളിച്ചെഴുതിയാണ് സ്കലോണി കൊണ്ടുവന്ന നിർണായക മാറ്റം. എന്നാൽ, മെസിക്കുള്ള പ്രധാന്യം ഒട്ടുംകുറഞ്ഞില്ല. മധ്യനിരയിൽ ലിയാൻഡ്രോ പരദെസ്–-റോഡ്രിഗോ ഡി പോൾ–-ജിയോവാനി ലൊ സെൽസോ ത്രയത്തിൽ ഊന്നിയാണ് കളി. പരിക്കേറ്റ ലൊ സെൽസോ ഖത്തറിൽ ഇല്ല. പകരം പാപു ഗോമസോ പലാസിയസോ പകരക്കാരനാകും.
മെസിക്ക് ബോക്സിനരികിലായി കൂടുതൽ സ്വാതന്ത്ര്യം നൽകി. ഒപ്പം വിങ്ങിൽ എയ്ഞ്ചൽ ഡി മരിയയെ ഇഷ്ടത്തിനുവിട്ടു. ഈ തന്ത്രം ഫലംകണ്ടു. മെസിയെമാത്രം തളച്ചാൽ അർജന്റീനയെ വീഴ്ത്താമെന്ന രീതി മാറി. പ്രതിരോധത്തിൽ യുവതാരം ക്രിസ്റ്റ്യൻ റൊമേറോയുടെ സാന്നിധ്യവും ഊർജമായി. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പറക്കും മനുഷ്യനായി.
പരിക്കുമാറി പൗലോ ഡിബാലയും ഗോളിക്കാൻ ടീമിലുണ്ട്. കളത്തിലുള്ള മെസിമാത്രമല്ല, പുറത്തുള്ള സ്കലോണിയുടെ തന്ത്രങ്ങളും ഖത്തറിൽ എതിരാളികൾക്ക് വെല്ലുവിളിയാകും.