കൊച്ചി
സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പദ്ധതി ഏഴുമാസം പിന്നിടുമ്പോൾ 80,000 പുതിയ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായമന്ത്രി പി രാജീവ്. എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംഘടിപ്പിച്ച ‘നിയുക്തി 2022’ മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നേരത്തേ വർഷം ശരാശരി 10,000 സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിരുന്നത്. പുതിയ പദ്ധതിവഴി 5000 കോടി രൂപയുടെ തദ്ദേശീയ നിക്ഷേപവും 1.80 ലക്ഷം തൊഴിലവസരങ്ങളുമുണ്ടായി. രാജ്യത്ത് പിഎസ്സി വഴി ഏറ്റവും അധികം നിയമനം നടത്തിയത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. ആറരവർഷത്തിനിടെ രണ്ടുലക്ഷംപേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. ആഗസ്തിൽമാത്രം യുപിഎസ്സിയെക്കാൾ കൂടുതൽ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കളമശേരി സെന്റ് പോൾസ് കോളേജിൽ സംഘടിപ്പിച്ച തൊഴിൽമേളയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായി. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി.കേരള പിഎസ്സി അംഗം പി എച്ച് മുഹമ്മദ് ഇസ്മയിൽ, കളമശേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ എ കെ നിഷാദ്, അസിസ്റ്റന്റ് കലക്ടർ ഹർഷിൽ ആർ മീണ, സെന്റ് പോൾസ് കോളേജ് പ്രിൻസിപ്പൽ കെ എസ് സവിത, എറണാകുളം മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ അബ്ദുറഹ്മാൻകുട്ടി, ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എ എസ് അലാവുദീൻ, സബ് റീജണൽ എംപ്ലോയ്മെന്റ് ഓഫീസർ കെ എസ് ബിന്ദു, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ വി എസ് ബീന, വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ വി ഐ കബീർ തുടങ്ങിയവർ സംസാരിച്ചു.
അഭ്യസ്തവിദ്യരായ യുവാക്കൾക്ക് പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കാനാണ് നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്റെ നേതൃത്വത്തിൽ നിയുക്തി തൊഴിൽമേളകൾ നടത്തുന്നത്. ഇത്തവണ നൂറോളം സ്ഥാപനങ്ങളിലെ 5200 ഒഴിവുകളിലേക്കാണ് നിയമനം നടത്തിയത്.