ന്യൂഡൽഹി
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ (ഇഡബ്ല്യുഎസ്) നിശ്ചയിക്കാൻ മോദിസർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡം പാവപ്പെട്ടവർ അല്ലാത്തവർക്കും സംവരണാനുകൂല്യം ലഭിക്കാൻ വഴിയൊരുക്കുമെന്ന് ‘പീപ്പിൾസ് ഡെമോക്രസി’ മുഖപ്രസംഗം. വർഷം എട്ടുലക്ഷത്തിനുതാഴെ വരുമാനുള്ള കുടുംബങ്ങളെയാണ് ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. പ്രതിവർഷം രണ്ടരലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ ആദായനികുതി പരിധിയിൽ വരുമെന്നിരിക്കെ, പാവപ്പെട്ടവരെ നിർണയിക്കാനുള്ള ഈ വരുമാനമാനദണ്ഡം യുക്തിസഹമല്ല. ഇക്കാരണത്താൽ സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ പരാജയപ്പെട്ടു.
ദുസ്സഹമായ ജാതിവ്യവസ്ഥ കാരണം സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലായ വിഭാഗങ്ങൾക്കുള്ള സംവരണത്തെയും ശക്തമായി പിന്തുണയ്ക്കുന്നു. ചൂഷണാത്മകമായ സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയ്ക്കെതിരെ ജാതി, മത ഭേദമില്ലാത്ത ഐക്യമുന്നണി രൂപീകരിച്ച് യോജിച്ച് പോരാടണം. എല്ലാ ജാതികളിലെയും അവശജനവിഭാഗങ്ങൾ വ്യത്യാസങ്ങൾ മറികടന്ന് ഒന്നിക്കണം. ഈ കാരണത്താലാണ്, പൊതുവിഭാഗത്തിൽ നിശ്ചിത ശതമാനം സംവരണമെന്ന ആശയത്തെ സിപിഐ എം പിന്തുണച്ചത്. സംവരണവിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായിട്ടുള്ള ശക്തമായ ധ്രുവീകരണങ്ങൾ മറികടക്കാൻ അത് സഹായകമാകുമെന്നും കണക്കുകൂട്ടുന്നു.
ഇഡബ്ല്യുഎസ് സംവരണം നൽകുമ്പോൾ അത് എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് നിലവിലുള്ള സംവരണത്തെ ഒരുകാരണവശാലും ബാധിക്കരുതെന്നും സിപിഐ എം നിലപാട് സ്വീകരിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യഥാർഥ ഗുണഭോക്താക്കൾക്ക് സഹായകമായ രീതിയിൽ ഇഡബ്ല്യുഎസ് മാനദണ്ഡം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.
പുനഃപരിശോധനാഹര്‍ജി നല്കാന് തമിഴ്നാട്
ചെന്നൈ
മുന്നാക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി തള്ളണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സർവകക്ഷിയോഗം പ്രമേയം പാസാക്കി. ഭേദഗതി അംഗീകരിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധനാഹര്‍ജി നല്‍കാനും തീരുമാനിച്ചു.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അധ്യക്ഷനായ യോഗത്തില്‍ ഇടതുപക്ഷ പാർടികൾ, കോൺഗ്രസ്, എംഡിഎംകെ, വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) തുടങ്ങിയ പാര്‍ടികള്‍ പങ്കെടുത്തു.ബിജെപിയും എഐഎഡിഎംകെയും സര്‍വകക്ഷിയോഗം ബഹിഷ്കരിച്ചു.
ഭരണഘടനയുടെ 103–-ാമത് ഭേദഗതി പാവപ്പെട്ടവർക്കിടയിൽ ജാതി-വിവേചനം സൃഷ്ടിക്കുമെന്നും സാമൂഹ്യനീതിയുടെ ലംഘനമാണിതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
എട്ടുലക്ഷംവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് സാമ്പത്തികസംവരണത്തിന്റെ ആനുകൂല്യം കിട്ടുന്നത് യുക്തിഹീനമായ നടപടിയാണെന്ന് സ്റ്റാലിന് പ്രതികരിച്ചു.