കൊച്ചി
വാഹനാപകടത്തിൽ പരിക്കേറ്റ ദമ്പതികളെ സഹായിക്കാനെത്തി പണം കവർന്നയാളെ ആലുവ പൊലീസ് സ്റ്റേഷനിൽനിന്ന് പിടികൂടി. ആലുവ പൊലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കാനും സ്റ്റേഷനിലെ വാഹനങ്ങൾ ഒതുക്കിവയ്ക്കാനും സഹായിച്ചിരുന്നയാളാണ് പിടിയിലായത്. കളമശേരിയിൽ താമസിക്കുന്ന വയനാട് സ്വദേശി രാജേഷ് ചാക്കോയെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മോഷ്ടാവിനായി തിരച്ചിൽ നടത്തിവരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഇയാൾ ആലുവയിലുണ്ടെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഒരുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം.
കടവന്ത്ര മനോരമ ജങ്ഷനിൽ സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ സഹായിക്കാനെന്ന ഭാവത്തിൽ എത്തിയാണ് ഇയാൾ പണം കവർന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിക്കേറ്റവർ വാഹനത്തിലെ കവറിൽ പണമുണ്ടെന്ന് സഹായിച്ചവരോട് പറഞ്ഞു. ഇത് കേട്ടയുടനെ താൻ പോയി പണമെടുത്തുവരാമെന്നു പറഞ്ഞ് പോയ പ്രതി, പണമെടുത്തശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇൻസ്പെക്ടർ എം എസ് ഫൈസലിന്റെയും സബ് ഇൻസ്പെക്ടർ ജെ അജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.