കവളങ്ങാട്
അച്ഛന്റെ ശിക്ഷണം അക്ഷരാർഥത്തിൽ ഫലവത്താക്കി ഇരുകൈകളും ബന്ധിച്ച് ലയ ബി നായർ വേമ്പനാട്ടുകായൽ നീന്തിക്കടന്നു. 11 വയസ്സുമാത്രമുള്ള ലയ, കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂൾ ആറാംക്ലാസ് വിദ്യാർഥിനിയാണ്. ശനി രാവിലെ എട്ടിന് വേമ്പനാട്ടുകായലിലെ ആലപ്പുഴ ചേർത്തല തവണക്കടവിൽനിന്ന് തുടങ്ങി കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് ലയ നീന്തിക്കയറിയത് ചരിത്രത്തിലേക്കുകൂടി.
നാലര കിലോമീറ്ററാണ് 1.15 മണിക്കൂർകൊണ്ട് ലയ നീന്തിയത്. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും പോളപ്പായലുകൾ പ്രയാസമുണ്ടാക്കി.
ഒരുവർഷമായി ലയയുടെ നീന്തൽ പരിശീലകൻ അച്ഛൻ ബിജു തങ്കപ്പനാണ്. ഇരുകൈകളും ബന്ധിച്ച് നീന്തിയതിന്റെ റെക്കോഡ് മറ്റാർക്കുമില്ലെന്ന് ബിജു പറഞ്ഞു. ഗിന്നസ് റെക്കോഡിലും ലിംകാ ബുക് ഓഫ് റെക്കോഡ്സിലും ഇടംനേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ചേർത്തലയിൽ അരൂർ എംഎൽഎ ദലീമ ജോജോയാണ് ലയയുടെ നീന്തൽ പരിപാടി ഉദ്ഘാടനം ചെയ്തത്. വൈക്കത്ത് നടന്ന അനുമോദനച്ചടങ്ങിൽ തോമസ് ചാഴികാടൻ എംപി, കോതമംഗലം എംഎൽഎ ആന്റണി ജോൺ, നടൻ ചെമ്പിൽ അശോകൻ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻനായർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് നിർമല മോഹനൻ, സിപിഐ എം വാരപ്പെട്ടി ലോക്കൽ സെക്രട്ടറി എം പി വർഗീസ്, വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.