തിരുവനന്തപുരം
സംസ്ഥാനത്തെ വോട്ടർപട്ടികയിൽ 38.53 ശതമാനം യുവജനങ്ങൾ. പട്ടികയിൽ 1,04,68,977 പേർ 18–-39 പ്രായമുള്ളവരാണ്. പേര് ഇരട്ടിച്ചവർ, മരിച്ചവർ, സ്ഥലം മാറിയവർ തുടങ്ങിയവരെ ഒഴിവാക്കിയുള്ള കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്താകെ 2,71,62,290 വോട്ടർമാരുണ്ട്. ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 2,73,65,345 പേരാണ് ഉണ്ടായിരുന്നത്. ആധാറുമായി ബന്ധിപ്പിക്കൽ പൂർത്തിയാകുമ്പോൾ പട്ടികയിൽ ഇനിയും കുറവുണ്ടാകും. ഡിസംബർ എട്ടുവരെ പരാതി നൽകാം. www.ceo.kerala.gov.inൽ കരട് വോട്ടർപട്ടികയുടെ വിവരം ലഭിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും പട്ടികയുണ്ടാകും. രാഷ്ട്രീയ പാർടികൾക്ക് താലൂക്ക് ഓഫീസുകളിൽനിന്ന് പട്ടിക വാങ്ങാം.
2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയാക്കി ജനുവരി അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. 17 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ്സ് പൂർത്തിയാകുന്നത്, അതനുസരിച്ച് പട്ടികയിൽ ഉൾപ്പെടുത്തും.















