ദുബായ്> യു എ ഇ യിൽ ഫ്രീ സോൺ വിസയുടെ കാലാവധി കുറച്ചു. മൂന്നുവർഷം കാലാവധി ഉണ്ടായിരുന്ന വിസയുടെ കാലാവധി രണ്ടുവർഷം ആയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഫ്രീ സോണിന് പുറത്ത് രണ്ടു വർഷമാണ് വിസയുടെ കാലാവധി. തൊഴിൽ വിസയുടെ കാലാവധി എല്ലായിടത്തും ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നതെന്ന് അധികൃതർ അറിയിച്ചു.
സ്റ്റിക്കർ പതിക്കൽ എമിറേറ്റ്സ് ഐഡി അനുവദിക്കൽ എന്നിവ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന അപേക്ഷകളിൽ ഒരു വർഷം കൂടുതലായി അടച്ച പൈസ തിരികെ നൽകും. ഫ്രീ സോൺ വിസയിൽ ജോലി ചെയ്യുന്നവർക്ക് ലഭിച്ചിരുന്ന പ്രത്യേക ആനുകൂല്യമാണ് ഇതു മൂലം ഇല്ലാതായിരിക്കുന്നത്. മെയിൻ ലാൻഡിനെ അപേക്ഷിച്ചു ബിസിനസ് തുടങ്ങാൻ കൂടുതൽ എളുപ്പം ഫ്രീ സോണിൽ ആണ്. അതുകൊണ്ടുതന്നെ നിരവധി നിക്ഷേപകർ ഫ്രീ സോൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്. യുഎഇയിൽ ഏകദേശം 40 ഓളം സോണുകളാണ് ഉള്ളത്. പ്രവാസികൾക്കും വിദേശ നിക്ഷേപകർ 100 ശതമാനം ഉടമസ്ഥതയിൽ ഇവിടെ ബിസിനസ് തുടങ്ങാൻ സാധിക്കും.