പറവൂർ> പെരുന്നയിൽ തന്റെയടുത്തുവന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂർ കഴിയുംമുമ്പാണ് ഒരു മത സാമുദായിക സംഘടനകളുടേയും നേതാക്കളുടേയും തിണ്ണ നിരങ്ങുന്ന സമ്പ്രദായം തനിക്കില്ലെന്ന് വി ഡി സതീശൻ പറഞ്ഞതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ചങ്ങനാശേരിയിൽ വന്ന് ഒന്നര മണിക്കൂറോളം തന്റെയടുത്ത് ഇരുന്ന് ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് നിങ്ങളുടെ എംഎൽഎ എന്നും ജനറൽ സെക്രട്ടറി പരിഹാസരൂപത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ നവീകരിച്ച എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനം സന്ദർശിച്ച ശേഷം ചേർന്ന യോഗത്തിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി വി ഡി സതീശന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയത്. ഇവിടുത്തെ എംഎൽഎ എന്നെ ചീത്ത പറഞ്ഞു നടക്കുകയാണ് എന്നു പറഞ്ഞാണ് സുകുമാരൻനായർ പ്രസംഗം ആരംഭിച്ചത്.
എന്നാൽ സതീശൻ പെരുന്നയിൽ വന്ന് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ മുമ്പിൽവച്ചുതന്നെ പറവൂരിലെ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റിന് ഫോൺ ചെയ്ത് എല്ലാ വീട്ടിലും പോകണമെന്നാവശ്യപ്പെട്ടു. എന്നാൽ ജയിച്ച ശേഷം ആദ്യം പറഞ്ഞത് ഒരു സമുദായ നേതാക്കളുടേയും തിണ്ണ നിരങ്ങാറില്ല എന്നാണ്. സതീശന്റെ ബന്ധുക്കളാരെങ്കിലും ഇവിടെയുണ്ടെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞാണ് സുകുമാരൻ നായർ പ്രസംഗം അവസാനിപ്പിച്ചത്.