ന്യൂഡൽഹി> ഗ്യാൻവ്യാപി പള്ളിയിൽ ‘ശിവലിംഗം’ കണ്ടെടുത്തെന്ന് അവകാശപ്പെടുന്ന പ്രദേശം സംരക്ഷിക്കണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീംകോടതി. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയത്.
മെയ് 17ന് ‘ശിവലിംഗം’ കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ മാസം 12 വരെയായിരുന്നു ഈ ഉത്തരവിന്റെ കാലാവധി. ഉത്തരവിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുകക്ഷികൾ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അടുത്ത ഉത്തരവ് പുറപ്പെടുവിക്കും വരെ ഇടക്കാല ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടിയത്.