അബുദാബി> അബുദാബിയുടെ സാംസ്കാരിക ഭൂമികയില് സര്ഗ്ഗവസന്തത്തിന്റെ അര നൂറ്റാണ്ട് പിന്നിടുന്ന കേരള സോഷ്യല് സെന്റര് വൈവിധ്യമാര്ന്ന പരിപാടികളോടെ വാര്ഷികാഘോഷപരിപാടികള്ക്ക് തുടക്കം കുറിക്കുന്നു.1972 ല് കേരള ആര്ട്സ് സെന്റര് എന്ന പേരില് രൂപം കൊണ്ട ഇന്നത്തെ കേരള സോഷ്യല് സെന്റര് പിന്നിട്ട കാലങ്ങളില് ഗള്ഫിന്റെ ചരിത്രത്തില് തുല്യതയില്ലാത്ത പ്രവര്ത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്.
കലാ സാഹിത്യ കായിക സാംസ്കാരിക രംഗത്ത് മാത്രമല്ല ജീവകാരുണ്യപ്രവര്ത്തനരംഗത്തും ഇതര സംഘടനകള്ക്ക് മാതൃകാപരമായ പ്രവര്ത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. ഇന്തോ അറബ് സാംസ്കാരികോത്സവം, ജിമ്മി ജോര്ജ്ജ് സ്മാരക വോളിബോള് ടൂര്ണ്ണമെന്റ്, ഭാരത് മുരളി നാടകോത്സവം എന്നിവ അവയില് ചിലത് മാത്രം.
ഇന്ത്യയ്ക്കു വെളിയില് പ്രവര്ത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായി കേരള സോഷ്യല് സെന്റര് ഇതിനകം വളര്ന്നു കഴിഞ്ഞു. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷദിവസങ്ങളില് മാത്രമല്ല ഇവിടെ സാംസ്കാരിക പ്രവര്ത്തനങ്ങള് നടക്കുന്നത്. വര്ഷത്തിലെ ബഹുഭൂരിപക്ഷം ദിനങ്ങളിലും സെന്റര് അങ്കണം ശബ്ദമുഖരിതമാണ്. സാഹിത്യ ചര്ച്ചകള്, പ്രഭാഷണങ്ങള്, സാഹിത്യ- സാംസ്കാരിക നായകന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് സമ്മേളനങ്ങള്, കാവ്യാ സന്ധ്യകള്, കലാപരിപാടികള് എന്നിവസെന്ററില് നിരന്തരം അരങ്ങേറുന്നു.
സെന്ററില് പ്രവര്ത്തിച്ചുവരുന്ന, കേരളത്തിന് പുറത്ത് ഏറ്റവും അധികം മലയാളം പുസ്തകങ്ങളുള്ള ഗ്രന്ഥാലയം അംഗങ്ങള്ക്ക് വിജ്ഞാനദായകമാണ്. മലയാളം മിഷനുമായി കൈകോര്ത്ത് സെന്റര് നടത്തി വരുന്ന മലയാളം ക്ലാസ്സുകളില് നിരവധി കുട്ടികളാണ് ഭാഷാപഠനം സാധ്യമാക്കുന്നത്. ഈ വര്ഷത്തോടെ മലയാളം മിഷന് അബുദാബി ചാപ്റ്റര് നിലവില് വന്നു. ഒരു കൂട്ടം നിസ്വാര്ത്ഥരായ അധ്യാപകരാണ് ഈ പ്രവര്ത്തനത്തില് ഭാഗഭാക്കാവുന്നത്.
നവംബര് 11, 12, 13 തീയ്യതികളിലായി സംഘടിപ്പിക്കുന്ന വൈവിധ്യമാര്ന്ന പരിപാടികളോടെയാണ് കേരള സോഷ്യല് സെന്ററിന്റെ അമ്പതാം വാര്ഷികാഘോഷങ്ങള്ക്ക് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
മുംബൈ കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന കലാ യാത്രയില് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കലാസംഘടനയായ കേളിയും, കലാരംഗത്ത് അഞ്ച് പതിറ്റാണ്ട് പൂര്ത്തിയാക്കുന്ന കേരള സോഷ്യല് സെന്റര്, അബുദാബിയും സംയുക്തമായി സംഘടിപ്പിക്കുന്ന പോയട്രി പെര്ഫോമന്സ് ഫെസ്റ്റിവല് അഥവാ ഗാനനൃത്തോല്സവം എന്ന ശീര്ഷകത്തില് അവതരിപ്പിക്കുന്ന തുള്ളല് മഹോത്സവം സെന്റര് അങ്കണത്തില് വെച്ച് നവംബര് 11,12 തിയതികളില് വൈകീട്ട് 7.30 ന് അരങ്ങേറും.
ആദ്യദിവസം കലാമണ്ഡലം ഷര്മിളയുടെ നേതൃത്വത്തില് കിരാതം ഓട്ടന്തുള്ളലും രണ്ടാംദിവസം കലാമണ്ഡലം പ്രീജയുടെ നേതൃത്വത്തില് കല്യാണസൗഗന്ധികം കല്യാണസൗഗന്ധികം ശീതങ്കന് തുള്ളലും അവതരിപ്പിക്കും.
മൂന്നാം ദിവസം ‘പാലാ പള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രശസ്ത പിന്നണി ഗായകന് അതുല് നറുകര നയിക്കുന്ന ‘സോള് ഓഫ് ഫോക്ക്’ എന്ന മ്യൂസിക്കല് ബാന്ഡ് ഒരുക്കുന്ന ”ആവോ ദാമാനോ…’ എന്ന നാടന് സംഗീത വിരുന്നും അരങ്ങേറുമെന്നു സംഘാടകര് അറിയിച്ചു. വാര്ത്താസമ്മേളനത്തില് അതുല് നറുകര, കേരള സോഷ്യല് സെന്റര് പ്രസിഡന്റ് വി. പി. കൃഷ്ണകുമാര്, ജനറല് സെക്രട്ടറി ഷെറിന് വിജയന്, ട്രഷറര് നികേഷ്, കലാവിഭാഗം സെക്രട്ടറി നിഷാം, അഹല്യ മെഡ് . കോം ഓണ്ലൈന് ഫര്മസി മാനേജര് അച്യുത് വേണുഗോപാല് എന്നിവര് സംബന്ധിച്ചു.
ഫോട്ടൊ: കേരള സോഷ്യല് സെന്റര് വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തില് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് അതുല് നറുകര സംസാരിക്കുന്നു.