കൊച്ചി> കെടിയു വി സി നിയമനത്തില് ഗവര്ണര്ക്ക് തിരിച്ചടി. സർക്കാർ ഹര്ജി ഫയലില് സ്വീകരിച്ച കോടതി വിസി നിയമനത്തില് നിയമപ്രശ്നമുണ്ടെന്നും സര്ക്കാര് വാദത്തില് കഴമ്പുണ്ടെന്നും കോടതി പരാമർശിച്ചു.
വിസിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര് ജോയിന്റ് ഡയറക്ടര് ഡോ.സിസ തോമസിനു നല്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്ക്കാരിന്റെ ഹര്ജി. വിസി നിയമനത്തിനെതിരെ സര്ക്കാര് നല്കിയ ഹര്ജിയില് യുജിസിയെ കോടതി കക്ഷി ചേര്ത്തിട്ടുണ്ട്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്. സര്ക്കാരിന്റെ ഹര്ജിയില് സത്യവാങ്മൂലം സമര്പ്പിക്കാന് ഗവര്ണര് സാവകാശം തേടി.
സാങ്കേതിക സര്വകലാശാല വി സി നിയമനത്തിലെ അക്കാദമിക മാനദണ്ഡങ്ങള് അഡ്വക്കറ്റ് ജനറല് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമര്ശം. ഇക്കാര്യത്തില് നിയമ പ്രശ്നം നിലനില്ക്കുന്നുണ്ടെന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി സത്യവാങ്മൂലം നല്കാന് ഗവര്ണറോട് കോടതി നിര്ദേശിച്ചു. എല്ലാ എതിര് കക്ഷികളും ബുധനാഴ്ചയ്ക്കു മുമ്പു സത്യവാങ്മൂലം നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്ജി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു. അന്ന് വിഷയത്തില് കോടതി വിശദമായ വാദം കേള്ക്കും.