ന്യൂഡൽഹി> ഗ്യാൻവാപി പള്ളിയിൽ നിന്നും ‘ശിവലിംഗം’ കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന കോടതി ഉത്തരവിന്റെ കാലാവധി നീട്ടണമെന്ന ഹിന്ദുകക്ഷികളുടെ ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ഹിന്ദുവിശ്വാസികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണുശങ്കർജെയിൻ വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
‘ശിവലിംഗം’ കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ കാലാവധി ഈ മാസം 12ന് അവസാനിക്കുകയാണെന്നും അഭിഭാഷകൻ അറിയിച്ചു. വെള്ളിയാഴ്ച്ച പകൽ മൂന്നിന് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു.
മെയ് 17നാണ് ഗ്യാൻവാപി പള്ളിയിൽ ശിവലിംഗമെന്ന് ഹിന്ദുകക്ഷികൾ അവകാശപ്പെടുന്ന വസ്തു കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന് വാരാണസി ജില്ലാമജിസ്ട്രേറ്റിന് നിർദേശം നൽകിയത്. മുസ്ലീം വിശ്വാസികളുടെ പ്രാർഥനയ്ക്കുള്ള അവകാശം നിയന്ത്രിക്കാതെ ആവശ്യമായ നടപടികൾ സ്വീകരിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. ഏപ്രിലിൽ വാരാണസി കോടതിയുടെ നിർദേശപ്രകാരം പള്ളിയിൽ നടത്തിയ വീഡിയോ സർവ്വേയിൽ ‘ശിവലിംഗം’ കണ്ടെത്തിയെന്നാണ് ഹിന്ദുകക്ഷികളുടെ അവകാശവാദം.