കൊച്ചി
സംസ്ഥാന സ്കൂൾ ശാസ്ത്രമേളകളിലെ വിജയികൾക്കായി അവധിക്കാലത്ത് ശാസ്ത്രക്യാമ്പ് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ക്യാമ്പിൽ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കും. കുട്ടികൾക്ക് ഇവരുമായി സംവദിക്കുകയും ആശയം കൈമാറുകയും ചെയ്യാം. ശാസ്ത്രരംഗത്ത് തുടർച്ചയും മികവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയവിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകി പാഠ്യപദ്ധതി പരിഷ്കരിക്കും. അക്കാദമിക് മികവ് ഉയർത്തും. ഏതു മത്സരപരീക്ഷയും നേരിടാൻ കുട്ടികളെ പ്രാപ്തരാക്കും. പ്രീപ്രൈമറി, പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ മുൻഗണന നൽകും.പഠനസമയത്ത് വിദ്യാലയങ്ങളിൽ മറ്റു പരിപാടികൾ പാടില്ല. വിവിധ സംഘടനകൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ പരിപാടി വിജയിപ്പിക്കാൻ കുട്ടികളെ ഇറക്കരുത്. അത്തരം നടപടിയുണ്ടായാൽ ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടിവരും.അധ്യാപകർക്കായി റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കും. പാഠപുസ്തകം പരിചയപ്പെടുത്താനാണ് ക്യാമ്പ്. അന്ധവിശ്വാസത്തെ മറികടക്കാൻ സമൂഹത്തെ പ്രാപ്തമാക്കിയത് ശാസ്ത്രമാണെന്നും മന്ത്രി പറഞ്ഞു.
ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ബാബു, റോജി എം ജോൺ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടർ രേണു രാജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഇൻസ്പെയർ അവാർഡ് നേടിയവർക്കും -മനാക് ദേശീയമത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും മന്ത്രി ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു.