കൊച്ചി
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനമത്സരങ്ങൾ പൂർത്തിയായപ്പോൾ കിരീടപോരാട്ടത്തിൽ പാലക്കാടും കണ്ണൂരും മുന്നിൽ. 238 പോയിന്റുമായി പാലക്കാട് ഒന്നാമതും 235 പോയിന്റുമായി കണ്ണൂർ രണ്ടാമതുമാണ്. 227 പോയിന്റുള്ള കോട്ടയമാണ് മൂന്നാമത്.സ്കൂൾതലത്തിൽ പാലക്കാട് വാണിയംകുളം ടിആർകെ എച്ച്എസ്എസാണ് മുന്നിൽ 56 പോയിന്റ്. 53 പോയിന്റുമായി വയനാട് മാനന്തവാടി ജിവിഎച്ച്എസ്എസ് രണ്ടാമതും 46 പോയിന്റുമായി ആലപ്പുഴ പൂങ്കാവ് എംഐഎച്ച്എസ് മൂന്നാമതുമുണ്ട്.
ശാസ്ത്രമേളയിൽ സ്പെഷ്യൽ സ്കൂൾ പ്രവൃത്തിപരിചയമേള, ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡൽ, സ്റ്റിൽ മോഡൽ, ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തിപരിചയമേള തുടങ്ങിയ മത്സരങ്ങളാണ് ആദ്യദിനം പൂർത്തിയായത്. ആകെ 154 ഇനങ്ങളിലാണ് മത്സരം. ജനറൽ സ്കൂൾ പ്രവൃത്തിപരിചയമേള ഉൾപ്പെടെ വിവിധ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും.
അമൽ എത്തി, സെറിബ്രൽപാൾസിയെ
തോൽപ്പിച്ച ചക്രക്കസേരയിൽ
‘വെല്ലുവിളികളെ ആസ്വദിക്കൂ… തീർച്ചയായും മറികടക്കാം; അതിന് തെളിവാണ് ഞാനും ഈ ചക്രക്കസേരയും’–- സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് എത്തിയ സെറിബ്രൽപാൾസി ബാധിതനായ അമൽ ഇഖ്ബാലിന്റെ വാക്കുകളിൽ വെല്ലുവിളികളോട് സന്ധിചെയ്യാത്ത പോരാളിയുടെ ആവേശം. 10 വയസ്സുവരെ സ്വയം ഭക്ഷണം കഴിക്കാൻപോലും കഴിയാതിരുന്ന അമൽ തനിക്ക് സഞ്ചരിക്കാൻ ചക്രക്കസേരവരെ വികസിപ്പിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞതും അതുതന്നെ.
മലപ്പുറം പുളിക്കൽ സ്വദേശിയാണ് അമൽ. ജന്മനാ ഉള്ള വൈകല്യത്തിന്റെ തോത് 90 ശതമാനം. സുഗമമായ സഞ്ചാരം, പ്രാഥമികകൃത്യം നിർവഹിക്കാനുള്ള സൗകര്യം, വ്യായാമം എന്നിവ സാധ്യമാക്കി ശരീരഭാഗങ്ങൾ ചലിപ്പിക്കാവുന്നതരത്തിലാണ് രൂപകൽപ്പന. ബാറ്ററി ഉപയോഗിച്ചും ചലിപ്പിക്കാം. അച്ഛൻ ഇഖ്ബാലിന്റെ സഹായത്തോടെയായിരുന്നു നിർമാണം. കണ്ടുപിടിത്തം അമലിനെ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ ഇൻസ്പെയർ മത്സരവേദിയിൽവരെ എത്തിച്ചു. പഞ്ചഗുസ്തി ദേശീയതാരവും മോട്ടിവേഷൻ സ്പീക്കറുമാണ് അമൽ. ഇപ്പോൾ സിനിമയിലും അഭിനയിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരജേതാവുമാണ്.
ചക്രക്കസേരയ്ക്ക് പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് ജെഡിടി സ്കൂളിൽ പ്ലസ്വൺ വിദ്യാർഥിയായ അമൽ. വെള്ളിയാഴ്ച റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിലാണ് മത്സരിക്കുന്നത്. ‘സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായം ലഭിച്ചാൽ ഈ വീൽചെയർ കൂടുതൽപേരിലേക്ക് എത്തിക്കാൻ കഴിയും. 15,000 രൂപയ്ക്ക് നിർമിച്ചുകൊടുക്കാനുമാകും’–- -അമൽ പറഞ്ഞു. ഫെമിനയാണ് അമ്മ.
വിജയത്തിലും സന്തോഷിക്കാനാകാതെ
ജൂവാലിൻ
ശാസ്ത്രമേളയിൽ ജൂവാലിന് ഡിജിറ്റൽ പെയിന്റിങ്ങിൽ മൂന്നാംസ്ഥാനമുണ്ട്. എന്നാൽ, ആ വിജയത്തിലും അവൾ വിങ്ങിക്കരഞ്ഞു, തങ്ങളെ വിട്ടുപിരിഞ്ഞ പപ്പയെ ഓർത്ത്. ‘വിജയം ഞാൻ പപ്പയ്ക്ക് സമർപ്പിക്കുന്നു’ എന്ന് അവൾ പറഞ്ഞപ്പോൾ, വിജയം അറിയിക്കാൻ വീട്ടിലെത്തിയ അധ്യാപകർക്കും കൂട്ടുകാർക്കും കരച്ചിൽ അടയ്ക്കാനായില്ല.
ബുധനാഴ്ചയാണ് ജൂവാലിന്റെ അച്ഛൻ തമ്മനം കാഞ്ഞിരപ്പറമ്പ് കെ ആർ റാഫി നെഞ്ചുവേദനയെ തുടർന്ന് മരിച്ചത്. അധ്യാപകരുടെയും കൂട്ടുകാരുടെയും നിർബന്ധംമൂലമാണ് അവർക്കൊപ്പം മത്സരത്തിന് എറണാകുളം ഗേൾസ് സ്കൂളിൽ എത്തിയത്. അവൾ വരച്ച ചിത്രങ്ങൾ പപ്പയ്ക്കുള്ള അന്ത്യപ്രണാമംകൂടിയായിരുന്നു. ജൂവാലിൻ ഇടപ്പള്ളി ജിഎച്ച്എസ്എസിലെ പ്ലസ്ടു ബയോസയൻസ് വിദ്യാർഥിയാണ്. അമ്മ മേബിൾ.
ലഹരിക്കെതിരെ
കാർട്ടൂൺ ഒരുക്കി
കളിമൺശിൽപ്പി
സ്പെഷ്യൽ സ്കൂൾ പ്രവൃത്തിപരിചയമേളയിൽ മുണ്ടംവേലി ഫാ. അഗസ്റ്റിനോ വിച്ചിനീസ് സ്പെഷ്യൽ സ്കൂളിന്റെ സ്റ്റാളിൽ എത്തിയവരെ സ്വീകരിച്ചത് ലഹരിക്കെതിരെയുള്ള സന്ദേശം. കോട്ടയത്ത് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ച എട്ടാംക്ലാസ് വിദ്യാർഥി ജി വിഷ്ണു ലഹരിക്കെതിരെ വരച്ച കാർട്ടൂണുമായാണ് സ്കൂൾ സ്റ്റാൾ ഒരുക്കിയത്.
കാർട്ടൂണിലും വാട്ടർ കളറിലും കോട്ടയത്ത് ഒന്നാമതെത്തിയ ആത്മവിശ്വാസത്തോടെയാണ് വിഷ്ണു സ്പെഷ്യൽ സ്കൂൾ പ്രവൃത്തിപരിചയമേളയ്ക്കെത്തിയത്. മേളയിൽ വ്യാഴാഴ്ച നടന്ന കളിമൺശിൽപ്പ നിർമാണത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയതും പള്ളുരുത്തി ഗായത്രിഭവനിൽ വിഷ്ണുവാണ്. യാചകശിൽപ്പമാണ് ഒരുക്കിയത്. രണ്ടുവർഷംമുമ്പ് നടന്ന യുപി വിഭാഗം മത്സരത്തിലും ഒന്നാമൻ വിഷ്ണുവായിരുന്നു. വിമുക്തഭടനായ ഗോപകുമാറിന്റെയും ഗായത്രിയുടെയും ഏകമകനാണ്.
വേദികളിൽ ഇന്ന്
സെന്റ് ആൽബർട്സ് എച്ച്എസ്എസ്–-ശാസ്ത്രമേള
രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെ ഹയർ സെക്കൻഡറി വിഭാഗം വർക്കിങ് മോഡൽ, സ്റ്റിൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ്, ടീച്ചിങ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട്. പ്രദർശനം 1.30 മുതൽ 4.30 വരെ.
സെന്റ് ആന്റണീസ് എച്ച്എസ്എസ് കച്ചേരിപ്പടി–-ഗണിതശാസ്ത്രമേള
രാവിലെ 9.30 മുതൽ ഹയർ സെക്കൻഡറി വിഭാഗം തത്സമയ നിർമാണ മത്സരങ്ങൾ, സിംഗിൾ പ്രോജക്ട്, ഗ്രൂപ്പ് പ്രോജക്ട്, മാഗസിൻ, ടീച്ചിങ് എയ്ഡ്. 3.൩൦ന് പ്രദർശനം.
ദാറുൽ ഉലൂം എച്ച്എസ്എസ് പുല്ലേപ്പടി–-സാമൂഹ്യശാസ്ത്രമേള
രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്രാദേശിക ചരിത്രരചന, അഭിമുഖം.