ലണ്ടൻ
സുസ്ഥിര ടൂറിസം വികസനത്തിൽ കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം ലോകത്തിനാകെ മാതൃകയാണെന്ന് ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റ് സെമിനാറിൽ പങ്കെടുത്ത അന്താരാഷ്ട്ര വിദഗ്ധർ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷൻ അഞ്ച് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് കേരള ടൂറിസം വകുപ്പ് സെമിനാർ സംഘടിപ്പിച്ചത്. മന്ത്രി പി എ മുഹമ്മദ് റിയാസ് ആമുഖപ്രഭാഷണം നടത്തി.
തദ്ദേശവാസികളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പ്രധാന പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസമെന്ന് മന്ത്രി പറഞ്ഞു. കോവിഡാനന്തര ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് ഉത്തരവാദിത്വടൂറിസം ആഗോളമാതൃകയാണ്. 2021ൽ മേഖല കടുത്ത വറുതിയിലായിരുന്നു. അതിൽനിന്ന് ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് ഉത്തരവാദിത്വ ടൂറിസം പ്രധാന ഘടകമായി.
ഉത്തരവാദിത്വ ടൂറിസം മിഷനു കീഴിൽ 25,000 യൂണിറ്റാണ് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ ഈ മാതൃകയിൽ പ്രചോദനമുൾക്കൊണ്ട് മറ്റ് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാൻ മുന്നോട്ടു വരുന്നുണ്ട്. പല സംസ്ഥാനങ്ങളും കേരളവുമായി ധാരണപത്രവും ഒപ്പിട്ടു.
കേരളത്തെ മാതൃകയാക്കും: ഗാംബിയ മന്ത്രി
ഉത്തരവാദിത്വ ടൂറിസം രംഗത്തും സുസ്ഥിര ടൂറിസം വികസനത്തിലും കേരളത്തെ മാതൃകയാക്കാൻ ആഗ്രഹിക്കുന്നെന്ന് ഗാംബിയ ടൂറിസം മന്ത്രി ഹമ്മത് ബാ പറഞ്ഞു. കേരളത്തിലെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ട് മനസ്സിലാക്കാൻ ഹമ്മത് ബായെ മന്ത്രി സംസ്ഥാനത്തേക്ക് ക്ഷണിച്ചു. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിന്റെ ബ്രോഷർ മന്ത്രി മുഹമ്മദ് റിയാസ് ഹമ്മത് ബായ്ക്ക് നൽകി പ്രകാശിപ്പിച്ചു. കേരളവും ബാർസിലോണയുമാണ് ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്വ ടൂറിസം മാതൃകകളെന്ന് ലോക ഉത്തരവാദിത്വ ടൂറിസം സംഘടന (ഐസിആർടി) യുടെ സ്ഥാപകനും വേൾഡ് ട്രാവൽ മാർക്കറ്റ് അഡ്വൈസറും ജൂറി ചെയർമാനുമായ ഡോ. ഹാരോൾഡ് ഗുഡ് വിൻ പറഞ്ഞു.