കൊച്ചി
നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. നടപ്പാതകളിലെ വാഹന പാർക്കിങ് കുറ്റകരമാണെന്ന അവബോധം ജനങ്ങളിലുണ്ടാക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശിച്ചു. എറണാകുളം ബാനർജി റോഡിലെ നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്തതിന് മൂവായിരത്തിലേറെ കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
സംസ്ഥാനത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളാണ് കോടതി പരിഗണിച്ചത്. റോഡുകളുടെ നിർമാണപുരോഗതിയിലും അഴിമതി തടയാൻ വിജിലൻസ് സ്വീകരിച്ച നടപടികളിലും കോടതി സംതൃപ്തി രേഖപ്പെടുത്തി. റോഡ് നിർമാണത്തെക്കുറിച്ചുള്ള പൊതുമരാമത്ത് ചീഫ് എൻജിനിയറുടെ റിപ്പോർട്ടും വിജിലൻസിന്റെ നടപടികളെക്കുറിച്ച് ഡയറക്ടർ നൽകിയ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
റോഡരികിലെ അപകടകരമായ കേബിളുകളിലേറെയും കെഎസ്ഇബിയുടേതാണെന്ന് കൊച്ചി നഗരസഭ അറിയിച്ചതോടെ കെഎസ്ഇബിയെ കേസിൽ കക്ഷി ചേർത്തു. റോഡ്–-വാഹന നിയമങ്ങൾ ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടി എടുക്കാൻ കോടതി നിർദേശിച്ചു. കോട്ടയം കോതനല്ലൂർ സ്കൂളിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി പത്തുവയസ്സുകാരൻ എഴുതിയ കത്ത് പരിഗണിച്ച് അടിയന്തരനടപടിക്കും നിർദേശം നൽകി. മുളവുകാട് പഞ്ചായത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനും കോടതി നിർദേശിച്ചു. സ്പെഷ്യൽ ഗവ. പ്ലീഡർ പി സന്തോഷ്കുമാർ, സീനിയർ ഗവ. പ്ലീഡർ കെ വി മനോജ്കുമാർ എന്നിവർ ഹാജരായി.