പാരിസ്
മധ്യനിരയിലെ കരുത്തർ പോൾ പോഗ്ബയും എൻഗോളോ കാന്റെയും പരിക്കേറ്റ് പുറത്തായതൊന്നും ഫ്രാൻസിനെ ക്ഷീണിപ്പിക്കുന്നില്ല. ലോകകിരീടം നിലനിർത്താൻ പ്രതിഭാശാലികൾ നിറഞ്ഞ 25 അംഗ സംഘത്തെ പരിശീലകൻ ദിദിയർ ദെഷാം അവതരിപ്പിച്ചു. ഒരു ഒഴിവ് പിന്നീട് നികത്തും. ബാലൻ ഡി ഓർ ജേതാവ് കരിം ബെൻസെമയും കിലിയൻ എംബാപ്പെയും അണിനിരക്കുന്ന മൂർച്ചയുള്ള മുന്നേറ്റനിരയുമായാണ് ഫ്രഞ്ചുകാർ ഖത്തറിൽ എത്തുന്നത്. ഒൺടോയ്ൻ ഗ്രീസ്മാൻ, ഒളിവർ ജിറു, ഉസ്മാൻ ഡെംബെലെ, കിങ്സ്ലി കൊമാൻ, ക്രിസ്റ്റഫർ എൻഗുങ്കു എന്നിവരും ഗോളടിക്കാനുണ്ട്. ആകെ ഏഴ് സ്ട്രൈക്കർമാർ.
പരിക്കിന്റെ പിടിയിലുള്ള പ്രതിരോധക്കാരൻ റാഫേൽ വരാനയെ ഉൾപ്പെടുത്തിയപ്പോൾ റയൽ മാഡ്രിഡിന്റെ ഫെർലാൻഡ് മെൻഡിയാണ് ഒഴിവാക്കപ്പെട്ട പ്രമുഖൻ. പോഗ്ബ–-കാന്റെ സഖ്യത്തിനുപകരം മധ്യനിരയുടെ ചുമതല കൗമാരക്കാരായ ഒർലെയ്ൻ ചൗമെനിക്കും എഡ്വേർഡ് കമവിംഗയ്ക്കുമാണ് ഏൽപ്പിച്ചത്. റയൽ മാഡ്രിഡ് താരങ്ങളാണ് ഇരുവരും. കമവിംഗയ്ക്ക് ഇരുപതും ചൗമെനിക്ക് ഇരുപത്തിരണ്ടുമാണ് പ്രായം. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മികവുകാട്ടിയ ഈ മധ്യനിരക്കാർ ലോകവേദിയിൽ അത്ഭുതം കാട്ടുമെന്നാണ് പ്രതീക്ഷ.
ഗോൾകീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസിന് നാലാംലോകകപ്പാണ്. മൂന്നാംകിരീടം തേടിയെത്തുന്ന ഫ്രാൻസ് ഗ്രൂപ്പ് ഡിയിലാണ്. ഓസ്ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ എന്നിവരാണ് മറ്റ് ടീമുകൾ. 22ന് ഓസ്ട്രേലിയയുമായാണ് ആദ്യ മത്സരം. ഗോൾകീപ്പർമാർ: ഹ്യൂഗോ ലോറിസ്, അൽഫോൻസ് അരിയോള, സ്റ്റീവ് മന്ദാൻഡ.പ്രതിരോധക്കാർ: ലൂകാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, യൂലെസ് കൗണ്ടെ, പ്രെസ്നെൽ കിംബെപ്പെ, ഇബ്രാഹിം കൊനാറ്റെ, ബെഞ്ചമിൻ പവാർഡ്, വില്ല്യം സാലിബ, ദയോത് ഉപമെകാനോ, റാഫേൽ വരാനെ.മധ്യനിരക്കാർ: എഡ്വേർഡോ കമവിംഗ, ഒർലെയ്ൻ ചൗമെനി, യൂസഫ് ഫൊഫാന, മാറ്റിയോ ഗുൺഡോസി, ആഡ്രിയൻ റാബിയറ്റ്, ജോർദാൻ വെരെടൗറ്റ്.മുന്നേറ്റക്കാർ: കരിം ബെൻസെമ, കിലിയൻ എംബാപ്പെ, ഒൺടോയ്ൻ ഗ്രീസ്മാൻ, ഒളിവർ ജിറു, ഉസ്മാൻ ഡെംബെലെ, കിങ്സ്ലി കൊമാൻ, ക്രിസ്റ്റഫർ എൻഗുങ്കു.