തിരുവനന്തപുരം
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സൗജന്യ ചികിത്സാ പദ്ധതികളുടെ നടത്തിപ്പിന് തടസ്സം സൃഷ്ടിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ (എൻഎച്ച്എ) സോഫ്റ്റ്വെയർ തകരാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് എൻഎച്ച്എ. ഇവർ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറുകളായ ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റത്തിന്റെയും (ടിഎംഎസ്) ബെനഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിന്റെയും (ബിഐഎസ്) സഹായത്തോടെയാണ് സൗജന്യ ചികിത്സാ പദ്ധതിവഴിയുള്ള സഹായങ്ങൾ വിതരണം ചെയ്യുന്നത്. എന്നാൽ, ഒരാഴ്ചയിലേറെയായി ഈ രണ്ടു സോഫ്റ്റ്വെയറിന്റെയും പ്രവർത്തനം തകരാറിലാണ്.
ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടയുടൻ സംസ്ഥാന ഹെൽത്ത് ഏജൻസി കേന്ദ്ര ഹെൽത്ത് അതോറിറ്റിക്ക് കത്ത് അയച്ചിരുന്നു. വിഷയത്തിൽ എൻഎച്ച്എയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്വന്തമായി പോർട്ടൽ രൂപകൽപ്പന ചെയ്യാമെന്ന ആലോചനയിലാണ് കേരളം.
കേരളത്തിൽ കാസ്പ് പദ്ധതി പ്രകാരം പ്രതിദിനം ഏകദേശം 4500 ക്ലെയിമാണ് സോഫ്റ്റ്വെയർവഴി സംസ്ഥാന ഹെൽത്ത് ഏജൻസിക്ക് ലഭിക്കുന്നത്. എന്നാൽ, പോർട്ടൽ പ്രവർത്തനരഹിതമായതിനാൽ ഗുണഭോക്താക്കളുടെ എണ്ണം പരിശോധിക്കാനോ സൗജന്യ ചികിത്സ ലഭ്യമാക്കാനോ കഴിയുന്നില്ല. ആധാർകാർഡ് ഇല്ലാത്തവർക്ക് പിഎം ജെഎവൈ കാർഡ് ലഭ്യമാകാൻ ബിഐഎസ് സോഫ്റ്റ്വെയറിൽ സാധിക്കില്ല എന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് അഞ്ചു വയസ്സിനു താഴെയുള്ളവർക്ക് സൗജന്യ ചികിത്സ നിഷേധിക്കപ്പെടാൻ ഇടയാക്കും. ഒക്ടോബർ അവസാനംവരെ കേരളത്തിൽ ഏകദേശം 2833.43 കോടി രൂപയുടെ ചികിത്സയാണ് കാസ്പ് പദ്ധതിയിലൂടെ ലഭ്യമാക്കിയത്.
ദിവസവും
മാറിമാറി പോർട്ടൽ
മുൻകൂട്ടി അറിയിക്കാതെ ദിവസംതോറും പോർട്ടലുകളിൽ കേന്ദ്രം മാറ്റം വരുത്തുന്നത് സോഫ്റ്റ്വെയറുകളുടെ വേഗം കുറയ്ക്കുന്നു. ഇതുകാരണം യഥാസമയം ആശുപത്രികൾക്ക് ക്ലെയിംതുക നൽകുന്നതും തടസ്സപ്പെടും. സോഫ്റ്റ്വെയറിലെ വേഗക്കുറവ് ആശുപത്രികളിൽ നീണ്ട വരിയും സൃഷ്ടിക്കുന്നു.