ന്യൂഡൽഹി
കൈരളി ടിവിക്കും മീഡിയ വണ്ണിനും വിലക്ക് ഏർപ്പെടുത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ധിക്കാരപരമായ നിലപാടിനെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ നിശിതമായി വിമർശിച്ചു. ഉന്നതമായ ഭരണഘടനാ പദവിയിലുള്ള ഒരു വ്യക്തി രണ്ടു ചാനലിനെ തെരഞ്ഞുപിടിച്ച് വിലക്കുന്നത് അങ്ങേയറ്റം അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് സീമാ മുസ്തഫയും ജനറൽ സെക്രട്ടറി അനന്ത്നാഥും പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥപ്പെട്ട ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാരത്തിലുള്ളവരെ വിമർശിക്കാനുള്ള അവകാശം മാധ്യമങ്ങൾക്കുണ്ട്. ഇത്തരം വിമർശനാത്മക റിപ്പോർട്ടുകളുടെ പേരിൽ വാർത്താസമ്മേളനങ്ങളിൽ പ്രവേശനം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല.
വിവരശേഖരണത്തിൽനിന്ന് മാധ്യമങ്ങളെ വിലക്കുന്ന പ്രവണത വർധിച്ചുവരുന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കേണ്ടതുണ്ട്. മാധ്യമസ്ഥാപനങ്ങളുടെ എഡിറ്റോറിയൽ നിലപാട് കണക്കാക്കാതെ സർക്കാർ കാര്യങ്ങൾ തടസ്സംകൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് അവസരമൊരുക്കുകയും വേണം–- എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ അറിയിച്ചു.
ഡൽഹിയിലും
പ്രതിഷേധം
ജനാധിപത്യം അട്ടിമറിക്കുന്ന കേരള ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതി തയ്യാറാകണമെന്ന് രാജ്യസഭാംഗം വി ശിവദാസൻ ആവശ്യപ്പെട്ടു.
ഭരണഘടനാ പദവിയിൽ തുടരാൻ ആരിഫ് മുഹമ്മദ് ഖാന് അർഹതയില്ലെന്ന് കെയുഡബ്ല്യുജെ ഡൽഹി ഘടകം ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. യൂണിയൻ ഡൽഹി ഘടകം പ്രസിഡന്റ് പ്രസൂൻ എസ് കണ്ടത്ത്, സെക്രട്ടറി ഡി ധനസുമോദ്, വൈസ് പ്രസിഡന്റ് എം പ്രശാന്ത്, ഡൽഹി ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് എസ് കെ പാണ്ഡെ, പി ആർ അരവിന്ദ്, ജിൽബി തോംസൺ (കൈരളി), ഹരികൃഷ്ണൻ, വിഷ്ണുപ്രസാദ് (മീഡിയ വൺ), സവാദ് മുഹമ്മദ് (മനോരമ ടിവി), കെ എം വാസുദേവൻ (ദേശാഭിമാനി) എന്നിവർ സംസാരിച്ചു.