തൃശൂർ
ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഏതറ്റം വരെയും പോകാൻ തടസ്സമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ഗവർണർ നിയമപരമായി പ്രവർത്തിക്കാൻ തയ്യാറാകണം. അദ്ദേഹത്തിന്റെ നിലപാട് സ്വേച്ഛാധിപത്യപരമാണ്. അദ്ദേഹം സമനില തെറ്റിയ രീതിയിൽ പെരുമാറുകയാണ്–- തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. ഗവർണറുടെ നിലപാട് ആശങ്കാകുലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനാണ് ലഘുലേഖ വിതരണം. കേരളത്തെയും ജനങ്ങളെയും അപമാനിക്കാനുള്ള ഗവർണറുടെ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി മാത്രമേ പ്രതിരോധിക്കാൻ കഴിയൂ. മാധ്യമപ്രവർത്തകരുടെ രാജ്ഭവൻ മാർച്ച് അഭിനന്ദനാർഹമാണ്. എന്നാൽ, കുറച്ചു മാധ്യമ പ്രവർത്തകർ ഗവർണറുടെ പ്രതികരണത്തിനായിനിന്നത് ശരിയാണോയെന്ന് സ്വയം ഗൗരവമായി ആലോചിക്കേണ്ടതാണ്. മേയറുടെ കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്. പിൻവാതിൽ നിയമനത്തിന് പാർടി എതിരാണ്. മേയറുടെ കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.