തിരുവനന്തപുരം
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ മാധ്യമവിലക്കിനെതിരെ മാധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടെയും ഉജ്വല പ്രതിഷേധം. വാർത്താസമ്മേളനത്തിലേക്ക് വിളിച്ചുവരുത്തി കൈരളിയുടെയും മീഡിയ വണ്ണിന്റെയും മാധ്യമ പ്രവർത്തകരെ അപഹസിച്ച് ഇറക്കിവിട്ട ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ രാജ്ഭവൻ മാർച്ചിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.
മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ പദവിയിലിരുന്ന് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടികളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും സ്വാതന്ത്ര്യവും അംഗീകരിക്കാതെ ഏകാധിപതിയായാണ് ഗവർണർ പെരുമാറുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു.
സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, കെ പി എ മജീദ് എംഎൽഎ, ജോൺ ബ്രിട്ടാസ് എംപി, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മോൻസ് ജോസഫ് എംഎൽഎ, സിഎംപി നേതാവ് എം പി സാജു, ഡിസികെ നേതാവ് സലിം പി മാത്യു, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, ജനറൽ സെക്രട്ടറി ആർ കിരൺബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, വൈസ് പ്രസിഡന്റ് ആർ ജയപ്രസാദ്, സെക്രട്ടറി അഞ്ജന ശശി, കെഎൻഇഎഫ് നേതാക്കളായ എസ് ഉദയകുമാർ, ജി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.