കൊച്ചി> സാങ്കേതിക സർവകലാശാലയിൽ (കെടിയു) ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ വിസി നിയമനം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ. വൈസ് ചാൻസലറുടെ ഒഴിവിൽ മറ്റേതെങ്കിലും വിസിക്കോ കെടിയു പ്രോ വിസിക്കോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കോ ആണ് ചുമതല കൈമാറേണ്ടത്. എന്നാൽ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സിസ തോമസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.
താൽക്കാലിക ചുമതല ആറുമാസംമാത്രമേ ചട്ടപ്രകാരം പാടുള്ളൂ. എന്നാൽ, ഇനിയൊരു ഉത്തരവുണ്ടാകുംവരെയാണ് നിയമനം. ഇത് ചാൻസലർ ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും ഈ സാഹചര്യത്തിൽ നിയമനം റദ്ദാക്കണം. ചട്ടപ്രകാരം താൽക്കാലിക ചുമതല നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിയമനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹർജിയിലുണ്ട്. ഗവർണറെ ഒന്നാം എതിർകക്ഷിയാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണൽ സെക്രട്ടറി സി അജയനാണ് ഹർജി നൽകിയത്.