കൊച്ചി> കൈരളി, മീഡിയ വൺ ചാനലുകളുടെ ലേഖകർക്ക് ഗവർണറുടെ ഓഫീസ് അനുമതി നൽകിയത് വിളിച്ചുവരുത്തി അപമാനിക്കാൻ. എല്ലാവരുടെയും മുന്നിൽവച്ച് വനിതാ മാധ്യമപ്രവർത്തകയെ ഉൾപ്പെടെ അപമാനിക്കുക, മറ്റു ചാനലുകൾ ഇത് ലൈവായി കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണറുടെ ഓഫീസ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞതവണ തിരുവനന്തപുരത്ത് ഈ ചാനലുകൾക്കൊപ്പം ഇറക്കിവിട്ട ജയ്ഹിന്ദ് ചാനലിന് വളരെ വൈകി അനുമതി നൽകിയെങ്കിലും എത്താനായില്ല.
ഗവർണർ തിങ്കൾ രാവിലെ വാർത്താലേഖകരെ കാണുമെന്നും താൽപ്പര്യമുള്ളവർ ഓഫീസിലേക്ക് ഇ–-മെയിലായി അപേക്ഷിക്കാനും ടെലിവിഷൻ ചാനൽ ലേഖകരുടെ വാട്സാപ് ഗ്രൂപ്പിൽ ഞായർ രാത്രി പത്തോടെയാണ് അറിയിപ്പ് വന്നത്. വാർത്താലേഖകരെ കാണുന്നതിനുപോലും ഇ–- മെയിലായി അപേക്ഷിക്കാൻ കീഴ്വഴക്കമുണ്ടാക്കിയത് ആരിഫ് മൊഹമ്മദ് ഖാനാണ്. അങ്ങനെ അപേക്ഷിച്ചവരോട് തിങ്കൾ രാവിലെ എട്ടരയോടെ ഗസ്റ്റ്ഹൗസിൽ എത്താൻ അറിയിച്ചു. തുടർന്നാണ് കൈരളി റിപ്പോർട്ടർ കെ എം ഉമേഷും മീഡിയ വൺ റിപ്പോർട്ടർ മുഹ്സിനയും എത്തിയത്. അവരെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ പേരുകളും തിരിച്ചറിയൽരേഖയും നോക്കി പ്രവേശിപ്പിച്ചു. ഗവർണർ മുറിയിൽനിന്ന് ഹാളിലേക്ക് വന്ന ഉടനെ, കൈരളിയിൽനിന്ന് ആരെങ്കിലുമുണ്ടോ? മീഡിയ വണ്ണിൽനിന്ന് ആരെങ്കിലുമുണ്ടോ? എന്ന് ആക്രോശിച്ചുതുടങ്ങിയതും അവരെ ഇറക്കിവിട്ടതും മറ്റു ചാനലുകൾ ലൈവായി നൽകി.
എന്നാൽ, അറിയിപ്പ് എറണാകുളത്തെ പത്രലേഖകരുടെ ഗ്രൂപ്പിൽ നൽകിയിരുന്നില്ല. അതേസമയം, യുഡിഎഫ്–-ബിജെപി അനുകൂല നിലപാടുള്ള രണ്ടു പ്രമുഖ പത്രങ്ങളുടെ തിരുവനന്തപുരം ഓഫീസിൽ കൃത്യമായി എത്തി. ചാനലുകളിൽനിന്ന് അറിഞ്ഞ് അപേക്ഷിച്ച ദേശാഭിമാനിക്കും കേരളകൗമുദിക്കും അനുമതി അറിയിപ്പ് ലഭിച്ചത്, ഗവർണർ ലേഖകരെ കാണുന്നതിന് തൊട്ടുമുമ്പുമാത്രമായതുകൊണ്ട് പങ്കെടുക്കാനുമായില്ല.