കൊച്ചി> തിരുവനന്തപുരം സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസ് കേരള പൊലീസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും സാങ്കേതികപ്രശ്നങ്ങൾ ഉന്നയിക്കപ്പെടാമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ (ഡിജിപി) നിയമോപദേശം. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെങ്കിലും കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തമിഴ്നാട് പൊലീസിന് കേസ് അന്വേഷിക്കാം.
പാറശാല പൊലീസ് എടുത്ത കേസായതിനാൽ കേരള പൊലീസ് അന്വേഷിക്കുന്നതിന് നിയമപരമായ തടസ്സമില്ല. എന്നാൽ, കേരള പൊലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകുമ്പോൾ ഇത്തരം സാങ്കേതികപ്രശ്നങ്ങൾ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്യാനിടയുണ്ടെന്നും ഡിജിപി ടി എ ഷാജി വ്യക്തമാക്കി. കേസ് ആരന്വേഷിക്കണമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയത്. കേരള പൊലീസ് അന്വേഷിച്ചാൽ മതിയെന്നാണ് ഷാരോണിന്റെ ബന്ധുക്കളുടെ നിലപാട്.
മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനായ, നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്സി റേഡിയോളജി വിദ്യാർഥി ഷരോണിനെ സുഹൃത്ത് ഗ്രീഷ്മ വീട്ടിൽ വിളിച്ചുവരുത്തി വിഷംകലർന്ന കഷായം നൽകിയെന്നും ആശുപത്രിയിലായ ഷാരോൺ ഒക്ടോബർ 25ന് മരിച്ചുവെന്നുമാണ് കേസ്.