അഹമ്മദാബാദ് > മോർബി തൂക്കുപാലം അറ്റകുറ്റപ്പണിക്കായി സർക്കാർ അനുവദിച്ച തുകയിൽ കരാറുകാരായ ഒറേവ ഗ്രൂപ്പ് തിരിമറി നടത്തിയതായി പ്രാഥമികാന്വേഷണ റിപ്പോർട്ട്. പാലം ബലപ്പെടുത്താനായി അനുവദിച്ച രണ്ട് കോടി രൂപയിൽ 12 ലക്ഷം മാത്രമാണ് ചിലവഴിച്ചതെന്ന് അറ്റകുറ്റപ്പണികൾക്കായി ഒറേവ ഗ്രൂപ്പ് അനധികൃതമായി ഉപകരാർ നൽകിയ കമ്പനിയുടെ രേഖകൾ പരിശോധിച്ച ശേഷം അന്വേഷണ സംഘം അറിയിച്ചു.
കരാർ തുകയുടെ 6% ഉപയോഗിച്ച് പെയിന്റിംഗ്, അലുമിനിയം പ്രതലം സ്ഥാപിക്കൽ മുതലായ പ്രവർത്തികൾ മാത്രമാണ് നിർവഹിച്ചതെന്നും പാലത്തിന്റെ കേബിൾ ബലപ്പെടുത്തൽ പ്രധാന ജോലി കരാറുകാർ നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം സുരക്ഷാ പരിശോധനകൾ പൂർണമായും ഒഴിവാക്കിയെന്നും ഒറേവ ഗ്രൂപ്പിന്റെ തലവൻ കുടുംബത്തോടൊപ്പം യാത്ര നടത്തി പാലത്തിന്റെ “ബലം തെളിയിക്കുക’ മാത്രമാണ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 31ന് മച്ചു നദിയുടെ കുറുകെയുള്ള ബ്രിട്ടീഷ് നിർമിത മോർബി തൂക്കുപാലം തകർന്ന് വീണ് 141 സഞ്ചാരികളാണ് മരിച്ചത്.