നൗകാമ്പ്
ബാഴ്സലോണയിലെ സുവർണതലമുറയുടെ അവസാനകണ്ണിയും കളമൊഴിയുന്നു. പ്രതിരോധക്കാരൻ ജെറാർഡ് പിക്വെ വിരമിക്കൽ പ്രഖ്യാപിച്ചു.
സ്പാനിഷ് ലീഗിൽ ഇന്ന് അൽമേറിയക്കെതിരെ അവസാന മത്സരമായിരിക്കുമെന്ന് മുപ്പത്തഞ്ചുകാരൻ അറിയിച്ചു. ബാഴ്സയുടെ തട്ടകമായ നൗകാമ്പിൽവച്ചുതന്നെയാണ് പിക്വെ ബൂട്ടഴിക്കുന്നത്. ‘ബാഴ്സയാണ് എനിക്ക് എല്ലാം നൽകിയത്. ഈ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. വൈകാതെ മറ്റൊരു വേഷത്തിൽ ഞാൻ തിരിച്ചെത്തും. ബാഴ്സ നീണാൾവാഴട്ടെ’–-വിടവാങ്ങൽ അറിയിച്ചുകൊണ്ട് പിക്വെ പറഞ്ഞു.
പത്താംവയസ്സുമുതൽ ബാഴ്സയിലുണ്ട് സ്പാനിഷുകാരൻ. 2004ലായിരുന്നു സീനിയർ അരങ്ങേറ്റം. നാലുവർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനായും പന്തുതട്ടി. 2008ൽ ബാഴ്സയിൽ തിരിച്ചെത്തി. അറുനൂറോളം കളിയിൽ ബാഴ്സയ്ക്കായി ഇറങ്ങി. ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും ഉൾപ്പെടെ 30 കിരീടങ്ങൾ നേടി. പെപ് ഗ്വാർഡിയോളയ്ക്കുകീഴിൽ ബാഴ്സ നിറഞ്ഞാടിയ സീസണിൽ പ്രതിരോധത്തിൽ കാർലോസ് പുയോളിനൊപ്പം പ്രധാനിയായിരുന്നു.
സ്പാനിഷ് കുപ്പായം 2018ൽ അഴിച്ചിരുന്നു. സ്പെയ്നിനെ 2010ൽ ലോകചാമ്പ്യന്മാരാക്കുന്നതിൽ നിർണായപങ്കുവഹിച്ചു.
ബാഴ്സയുടെ ടെക്നിക്കൽ കമ്മിറ്റിയിലേക്ക് പിക്വെ എത്തുമെന്നാണ് സൂചനകൾ. ഭാവിയിൽ ടീമിന്റെ പ്രസിഡന്റാകാൻ താൽപ്പര്യമുണ്ടെന്ന് മുപ്പത്തഞ്ചുകാരൻ മുമ്പ് പറഞ്ഞിരുന്നു.















