ഓവൽ
ഓസ്ട്രേലിയയുടെ ജീവൻ ശ്രീലങ്കയുടെ കൈയിലാണ്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ലങ്ക ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ ചാമ്പ്യൻമാരായ ഓസ്ട്രേലിയ സെമിയിലേക്ക് മുന്നേറും. മറിച്ചായാൽ ഇംഗ്ലണ്ട് കടക്കും. ഓസീസ് പുറത്താകും. സൂപ്പർ 12ലെ അവസാന കളിയിൽ അഫ്ഗാനിസ്ഥാനെ നാല് റണ്ണിനാണ് ഓസീസ് തോൽപ്പിച്ചത്. പക്ഷേ, അതുമതിയാകുമായിരുന്നില്ല കംഗാരുക്കൾക്ക്. റൺറേറ്റിൽ ഇംഗ്ലണ്ടിനെ മറികടക്കാൻ കഴിഞ്ഞില്ല. ഗ്രൂപ്പ് ഒന്നിൽ അഞ്ച് കളിയിൽ ഏഴ് പോയിന്റുമായി രണ്ടാമതാണ് ഓസ്ട്രേലിയ. ഒന്നാമതുള്ള ന്യൂസിലൻഡ് അവസാന നാലിലെത്തി. മൂന്നാമതുള്ള ഇംഗ്ലണ്ടിന് അഞ്ച് പോയിന്റാണ്. റൺറേറ്റ് 0.547. ഓസീസിന്റേത് –-0.173.
റൺനിരക്കിൽ ഇംഗ്ലണ്ടിന് ഒപ്പമെത്താൻ അഫ്ഗാനിസ്ഥാനെ 106 റണ്ണിനുള്ളിൽ ഒതുക്കണമായിരുന്നു ഓസ്ട്രേലിയക്ക്. 169 റൺ പിന്തുടർന്ന അഫ്ഗാൻ അവസാനിപ്പിച്ചത് 164 റണ്ണിൽ. വമ്പനടിയുമായി റഷീദ് ഖാനാണ് (23 പന്തിൽ 48*) അഫ്ഗാനെ ജയത്തിന് അരികെ എത്തിച്ചത്. സ്കോർ: ഓസീസ് 8–-168 അഫ്ഗാൻ 7–-164.
പേശിവലിവിനെ തുടർന്ന് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇല്ലാതെയാണ് ഓസീസ് ഇറങ്ങിയത്. മാത്യു വെയ്ഡിനായിരുന്നു താൽക്കാലിക ചുമതല. ഫിഞ്ചിന് പകരം ഓപ്പണറായി കാമറൂൺ ഗ്രീൻ ഇടംപിടിച്ചു. സ്റ്റീവ് സ്മിത്ത്, കെയ്ൻ റിച്ചാർഡ്സൺ എന്നിവരും കളത്തിൽ എത്തി. ടിം ഡേവിഡും മിച്ചെൽ സ്റ്റാർകും പുറത്തിരുന്നു. ടോസ് നേടി അഫ്ഗാൻ നായകൻ മുഹമ്മദ് നബി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗ്ലെൻ മാക്സ്വെല്ലും (32 പന്തിൽ 54*) മിച്ചെൽ മാർഷുമാണ് (30 പന്തിൽ 45) ഓസീസിനായി ബാറ്റിൽ മിന്നിയത്. ഡേവിഡ് വാർണർ (25), ഗ്രീൻ (3), സ്മിത്ത് (4), മാർകസ് സ്റ്റോയിനിസ് (25) എന്നീ പ്രധാന ബാറ്റർമാർക്ക് സ്കോർ ഉയർത്താനായില്ല. അഫ്ഗാനായി നവീൺ ഉൾ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
അഫ്ഗാന്റെ മറുപടി തകർച്ചയോടെയായിരുന്നു. ഉസ്മാൻ ഗനി (2) വേഗം മടങ്ങി. റഹ്മത്തുള്ള ഗുർബാസും (17 പന്തിൽ 30) ഇബ്രാഹിം സർദാനും (33 പന്തിൽ 26) ഗുൽബദിൻ നയിബും (23 പന്തിൽ 39) പോരാടിയെങ്കിലും 6–-103 എന്ന നിലയിൽ അഫ്ഗാൻ വീണു. എട്ടാമനായെത്തിയായിരുന്നു റഷീദിന്റെ മിന്നൽ ബാറ്റിങ്. നാല് സിക്സറും മൂന്ന് ഫോറും പറത്തി. അവസാന ഓവറിൽ 22 റൺ വേണമായിരുന്നു ജയിക്കാൻ. സ്റ്റോയിനിസ് എറിഞ്ഞ ഓവറിൽ 17 റണ്ണടിച്ചെങ്കിലും ജയത്തിലെത്തിക്കാൻ റഷീദിന് കഴിഞ്ഞില്ല.