ന്യൂഡൽഹി
മുൻ മാധ്യമപ്രവർത്തകനും ആംആദ്മി പാർടി ദേശീയ ജനറൽ സെക്രട്ടറിയുമായ ഇസുദൻ ഗദ്വി (40)യെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ. 16 ലക്ഷംപേർ പങ്കെടുത്ത ഓൺലൈൻ തെരഞ്ഞെടുപ്പിൽ 73 ശതമാനം പേരുടെ പിന്തുണ ഗദ്വിക്കായിരുന്നുവെന്ന് കെജ്രിവാൾ അവകാശപ്പെട്ടു.
പിന്നാക്കവിഭാഗത്തിൽപ്പെട്ട ഗദ്വി വിഭാഗം ഒബിസി പട്ടികയിൽ വരുന്നവരാണ്. ജനസംഖ്യയുടെ 48 ശതമാനത്തോളം വരുന്ന ഒബിസി വിഭാഗങ്ങളിൽ വേരോട്ടമുണ്ടാക്കാനും ഇസുദൻ ഗദ്വിയുടെ സ്ഥാനാർഥിത്വത്തിലൂടെ എഎപി ലക്ഷ്യമിടുന്നു. വിടിവി ചാനലിൽ അവതരിപ്പിച്ച ‘മഹാമന്തൻ’ പരിപാടിയിലൂടെയാണ് ഗദ്വി ജനപ്രിയനായത്. കഴിഞ്ഞവർഷം ജൂണിൽ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് ആംആദ്മി പാർടിയിൽ ചേർന്നു.
ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായാണ് ഗുജറാത്തിൽ വോട്ടെടുപ്പ്. എട്ടിന് ഫലമറിയാം. ഇത്തവണ എഎപി–-കോൺഗ്രസ് –-ബിജെപി ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.