ലാഹോർ
മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. അക്രമിയായ നവേദ് മൊഹമ്മദ് ബഷീറിന് പിസ്റ്റൾ വിറ്റവരെന്ന് സംശയിക്കപ്പെടുന്ന വഖാസ്, സാജിദ് ഖാൻ എന്നിവരെയാണ് അക്രമം നടന്ന വസീറാബാദിൽനിന്ന് അറസ്റ്റ് ചെയ്തത്. 20,000 പാകിസ്ഥാൻ രൂപയ്ക്കാണ് ലൈസൻസില്ലാത്ത തോക്ക് വിറ്റതെന്നും കണ്ടെത്തി. പിടിഐ പ്രവർത്തകർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഫൈസാബാദിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാഹോറിലെ ഗവർണറുടെ വസതിക്കുമുന്നിലും പ്രതിഷേധിച്ചു. ഇസ്ലാമാബാദിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പെഷാവറിലും കറാച്ചിയിലും പ്രവർത്തകർ വഴിതടഞ്ഞു. ഭരണമാറ്റമെന്ന ഇമ്രാന്റെ മുദ്രാവാക്യം നിറവേറുംവരെ സമരം തുടരുമെന്ന് പിടിഐ അറിയിച്ചു.
ദേശീയ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് പിടിഐ നടത്തുന്ന ലോങ് മാർച്ച് പഞ്ചാബിൽ എത്തിയപ്പോൾ വ്യാഴാഴ്ച വൈകിട്ടായിരുന്നു വധശ്രമം. റാലിയിൽ നുഴഞ്ഞുകയറി ഇമ്രാനുനേരെ ആറുതവണ വെടിയുതിർത്ത നവേദ് വ്യാഴാഴ്ച അറസ്റ്റിലായി. വലതുകാലിൽ മുട്ടിനുതാഴെ വെടിയേറ്റ ഇമ്രാന്റെ നില ഗുരുതരമല്ല.
അതേസമയം, പ്രതിയായ നവേദിന്റെ മൊഴി ചോർന്ന സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ള പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ചൗധരി പർവേസ് ഇലാഹിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. വധശ്രമം കരുതിക്കൂട്ടി നടത്തിയ കുറ്റകൃത്യമാണെന്ന് പിടിഐ വക്താവ് ഫാവദ് ചൗധരി പറഞ്ഞു. പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫ്, ആഭ്യന്തരമന്ത്രി റാണ സനവുള്ള, മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.