ന്യൂഡൽഹി> പിഎഫ് പെന്ഷന് കേസില് പെൻഷൻ സ്കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപരിധി നിശ്ചയിച്ചത് സുപ്രീംകോടതി റദ്ദാക്കി. 15000 രൂപ മേൽപരിധി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. പുതിയ പെൻഷൻ സ്കീമിലേക്ക് മാറാൻ നാലുമാസത്തെ സമയപരിധിയും സുപ്രീംകോടതി അനുവദിച്ചു. അതേസമയം ഉയർന്ന വരുമാനത്തിനനുസരിച്ചുള്ള പെൻഷൻ എന്നതിൽ കോടതി തീരുമാനമെടുത്തില്ല.
കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്തംബർ ഒന്നിന് മുമ്പ് ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാതെ വിരമിച്ചവർക്ക് ഉയർന്ന പെൻഷൻ ലഭിക്കില്ല. പെൻഷൻ നിശ്ചയിക്കുന്നിതന് കണക്കാക്കുക വിരമിക്കുന്നതിന് മുമ്പുള്ള 5 വർഷത്തെ ശരാശരി ശമ്പളമായിരിക്കും. കേരള ഹെെക്കോടതി വിധി പ്രകാരം ഇത് അവസാനത്തെ 12 മാസത്തിന്റെ ശരാശരിയായിരുന്നു.
പെൻഷൻ ഫണ്ടിലേക്ക് 1.16 ശതമാനം വിഹിതം തൊഴിലാളികൾ നൽകണം എന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ശമ്പളത്തിന് ആനുപാതികമായി ഉയര്ന്ന പി എഫ് പെന്ഷന് വഴിഒരുക്കിയ കേരള ഹൈക്കോടതി ഉത്തരവിന് എതിരെ ഇപിഎഫ്ഒ, തൊഴില് മന്ത്രാലയം , ടാറ്റ മോട്ടേഴ്സ് തുടങ്ങിയവര് സമര്പ്പിച്ച അപ്പീലു കളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഉയർന്ന ശമ്പളത്തിനനുസരിച്ച് പെൻഷൻ നൽകണമെന്ന് രാജസ്ഥാൻ ഹെെക്കോടതിയും ഉത്തരവായിരുന്നു.
കേസില് ചീഫ്ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ വാദം കേള്ക്കല് പൂര്ത്തിയാക്കിയിരുന്നു. ജസ്റ്റിസ് ലളിതിനു പുറമെ ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്ശു ദുലിയ എന്നിവരായിരുന്നു നെഞ്ചിലെ മറ്റ് അംഗങ്ങള്. ആറുമാസത്തെ വാദം കേൾക്കലിന് ശേഷമാണ് വിധിവരുന്നത്.
നാൾവഴി
2014 ലെ കേന്ദ്ര ഭേദഗതിപ്രകാരമാണ് പി.എഫി.ൽനിന്ന് പെൻഷൻ സ്കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചത്
2018 ഒക്ടോബറിൽ പി.എഫി.ൽനിന്ന് പെൻഷൻ സ്കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചത് ഹൈക്കോടതി റദ്ദാക്കുന്നു.
പെൻഷൻ പദ്ധതിയിൽ ചേരാനുള്ള കട്ട് ഓഫ് തീയതിയും പാടില്ലെന്ന് കോടതി വിധിച്ചു.
ഡൽഹി , രാജസ്ഥാൻ ഹൈക്കോടതികളും ഇതേനിലപാട് സ്വീകരിച്ചു.
2019ൽ കേരള ഹൈക്കോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒ പ്രത്യേക ഹർജി നൽകുന്നു. പക്ഷേ ഹർജി സുപ്രീംകോടതി തള്ളി. എന്നാൽ, പിന്നീട് ഇ.പി.എഫ്.ഒയും കേന്ദ്രവും പുനഃപരിശോധന ആവശ്യപ്പെട്ടതനുസരിച്ച് കോടതി വീണ്ടും വിഷയം പരിഗണിക്കുകയായിരുന്നു.