തിരുവനന്തപുരം
രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കുന്നത് കേരളം. രാജ്യത്ത് സെപ്തംബറിലെ വിലക്കയറ്റത്തോത് ഏഴു ശതമാനമായിരിക്കെ കേന്ദ്ര സർക്കാർ കണക്കുപ്രകാരം കേരളത്തിൽ 5.73 ശതമാനം മാത്രം. 11 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലായിരുന്നപ്പോഴാണ് കേരളം വിലക്കയറ്റം പിടിച്ചുനിർത്തിയത്.
ഏപ്രിലിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി കേരളത്തിൽ വിലക്കയറ്റം 5.08 ശതമാനമായിരുന്നു. ദേശീയ നാണ്യപ്പെരുപ്പ നിരക്ക് 7.79 ശതമാനവും.- എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിൽ 6.95 ശതമാനമായിരുന്നു.13 സംസ്ഥാനത്ത് ദേശീയ നിരക്കിനേക്കാൾ കൂടി. നാലിടത്ത് ഒമ്പത് ശതമാനത്തിനും മുകളിലായി. തമിഴ്നാട്ടിൽ മാത്രം കേരളത്തേക്കാൾ കുറഞ്ഞു. കേരളത്തിൽ ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റത്തോത് കുറഞ്ഞതെന്നതും പ്രത്യേകതയാണ്. 5.4 ശതമാനം. പശ്ചിമബംഗാളും മധ്യപ്രദേശുമാണ് വിലക്കയറ്റ നിരക്കിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ–- 11 ശതമാനത്തിനു മുകളിൽ. ഹരിയാനയിലും തെലങ്കാനയിലും ഒമ്പതുശതമാനം കടക്കുന്നു. മഹാരാഷ്ട്ര, അസം, ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡിഷ, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ എട്ടു ശതമാനത്തിനു മുകളിലും.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. ജനുവരിയില 6.34 ശതമാനമായിരുന്നത് സെപ്തംബർ 7.04 ആയി. ധാന്യങ്ങളുടെ വിലക്കയറ്റം 21 മാസത്തെ ഏറ്റവും ഉയർന്ന തോതിലാണ്. തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയും ഉയരുന്നു. വർഷങ്ങളായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ദേശീയതലത്തിൽ വിലക്കയറ്റം കുതിച്ചുയരുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിൽ പിടിച്ചുനിർത്താനാകുന്നത് എൽഡിഎഫ് സർക്കാരിന്റെ പൊതുവിപണിയിലെ ഫലപ്രദമായ ഇടപെടലാണ്.