തിരുവനന്തപുരം
തന്റെ ആർഎസ്എസ് ബന്ധം തെളിയിച്ചാൽ രാജിവയ്ക്കാമെന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ജൽപ്പനം സ്വയം പരിഹാസ്യനാക്കുന്നത്. സ്വന്തം പ്രസ്താവനകളും പ്രവൃത്തികളും തന്നെയാണ് ആർഎസ്എസ് ബന്ധത്തിന് ഏറ്റവും ശക്തമായ തെളിവ്. സെപ്തംബർ 19ന് രാജ്ഭവനിൽ വാർത്താസമ്മേളനത്തിൽ ‘1986 മുതൽ തനിക്ക് ആർഎസ്എസ് ബന്ധമുണ്ട്. ഇപ്പോഴും ബന്ധമുണ്ട്, അത് തുടരുക തന്നെ ചെയ്യും. മോഹൻ ഭാഗവതിനെ പോയി കണ്ടതിൽ ഒരു തെറ്റുമില്ല. ആർഎസ്എസ് നിരോധിത സംഘടനയൊന്നുമല്ലല്ലോ. ആറ് ഒടിസി (ആർഎസ്എസിന്റെ ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പ്) കളിൽ പങ്കെടുത്തിട്ടുണ്ട്. തന്നെ സ്ഥിരമായി പിന്തുണയ്ക്കുന്നത് ആർഎസ്എസ് ആണ്–- ’’ എന്നാണ് ഗവർണർ പറഞ്ഞത്.
സെപ്തംബർ 17നു രാത്രി തൃശൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സർ സംഘചാലക് മോഹൻ ഭാഗവതിനെ കണ്ടതിന്റെ അടിയന്തര പ്രാധാന്യമെന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഇത്. തന്റെ സംഘപരിവാർ ബന്ധത്തെ ന്യായീകരിക്കാൻ 1963ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആർഎസ്എസിനെ റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിച്ചു എന്ന പച്ച കള്ളവും എഴുന്നള്ളിച്ചു. ഗുവാഹത്തിയിൽ ആർഎസ്എസ് ക്യാമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമായിരുന്നു വാർത്താസമ്മേളനം.
1986 മുതൽ തനിക്ക് ആർഎസ്എസ് –- ബിജെപി ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ സ്ഥിതിക്ക്, 1990ൽ വി പി സിങ് നേതൃത്വം കൊടുത്ത മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അതേ മന്ത്രിസഭയിലുണ്ടായിരുന്ന ആരിഫ് മൊഹമ്മദ്ഖാൻ തന്നെ ഒറ്റുകൊടുത്തില്ലേ എന്ന സംശയവും ഇപ്പോൾ ബലപ്പെട്ടിട്ടുണ്ട്.
രാജ്ഭവനിലെ ‘രാഷ്ട്രീയ നിയമനം’
വിഴുങ്ങി ഗവർണർ
രാജ്ഭവനിൽ രാഷ്ട്രീയ നിയമനം ഇല്ലെന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും ജന്മഭൂമി പത്രാധിപരുമായിരുന്ന ഹരി എസ് കർത്തയാണ് ഗവർണറുടെ അഡീഷണൽ പിഎ . ഹരിയുൾപ്പെടെയുള്ള രാഷ്ട്രീയ താൽപ്പര്യമുള്ള നിയമനങ്ങൾക്ക് ശക്തമായി ഇടപെട്ടത് ഗവർണർതന്നെയാണ്. ഇതിനു പിന്നിൽ ബിജെപി സമ്മർദമായിരുന്നു. നേരത്തേ പ്രസ് സെക്രട്ടറിയായി നിയമനം നേടാൻ ശ്രമിച്ച് പരാജയപ്പെട്ടതിനെത്തുടർന്നാണ് അഡീഷണൽ പിഎ ആയി വന്നത്.
എൽഡിഎഫ് സർക്കാരിനെതിരെ ഗവർണറുടെ ആക്രമണം കടുപ്പിക്കാൻ ബിജെപി ആസൂത്രണം ചെയ്തുതന്നെയായിരുന്നു നിയമനം. ആർഎസ്എസ്–- ബിജെപിയുമായി ബന്ധപ്പെട്ട ഗവർണറുടെ പരിപാടികൾക്ക് ചുക്കാൻപിടിക്കുന്നതും രാഷ്ട്രീയ നീക്കങ്ങൾക്ക് ബിജെപി നിർദേശം നൽകുന്നതും ഹരി വഴിയാണ്. ഇതോടെ ബിജെപിയുടെ ചട്ടുകമായി ഗവർണർ പരസ്യമായി അധപ്പതിച്ചു. ഇതേച്ചൊല്ലി രാജ്ഭവനിലെ ഔദ്യോഗിക ഉദ്യോഗസ്ഥരും രാഷ്ട്രീയ നിയമനം നേടിയവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും രൂക്ഷമായി. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത് കേന്ദ്ര ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടതും അടുത്തകാലത്താണ്.
ഗവർണർ ഇന്നെത്തും
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വെള്ളിയാഴ്ച കേരളത്തിലെത്തും. രാത്രി എട്ടിന് കൊച്ചിയിലെത്തുന്ന അദ്ദേഹം തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. തിങ്കളാഴ്ചയേ തലസ്ഥാനത്തെത്തൂ.