തിരുവനന്തപുരം
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരിൽ ഗവർണർ ഉന്നയിക്കുന്ന ആരോപണങ്ങൾ സ്വന്തം ഓഫീസിലെ ധൂർത്ത് മറയ്ക്കാൻ. രാജ്ഭവനിലെ അനധികൃത നിയമനങ്ങൾ അടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് ഗവർണറുടെ പൊയ്വെടി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ രണ്ടുവർഷം കൂടുമ്പോൾ മാറ്റി നിയമിച്ച് പെൻഷൻ ഉറപ്പിക്കുന്നു എന്നതാണ് പുതിയ ആക്ഷേപം.
എൽഡിഎഫ് സർക്കാരുകളിൽ അഞ്ചു വർഷത്തേക്കാണ് പേഴ്സണൽ സ്റ്റാഫ് നിയമനം. വിരലിലെണ്ണാവുന്നവർ വ്യക്തിപരമായ ആവശ്യങ്ങൾക്കോ മറ്റു കാരണങ്ങളാലോ ഇടയ്ക്കു മാറി എന്നതാണ് വസ്തുത. ഒന്നാം പിണറായി സർക്കാർ സ്വീകരിച്ച നയപരമായ തീരുമാനമാണ് പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 612 പേഴ്സണൽ സ്റ്റാഫുകളാണ് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇത് 478 ആയി കുറച്ചു. ഈ സർക്കാരിൽ 497 . മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫുകളിൽ ചിലർ ഇപ്പോഴും തുടരുന്നുമുണ്ട്. മുഖ്യമന്ത്രിക്ക് 37 പേരെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കാമെന്നിരിക്കെ 33 പേർ മാത്രമാണുള്ളത്. മന്ത്രിമാരുടെ കാര്യത്തിലും ഇങ്ങനെതന്നെ. വർഷം നൂറിൽതാഴെ ഫയൽ പരിഗണിക്കുന്ന രാജ്ഭവനിൽ 144 സ്റ്റാഫാണുള്ളത്. മാസം അഞ്ഞൂറിലധികം ഫയൽ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഓഫീസിലും വസതിയിലുമായുള്ളത് ശരാശരി 25 പേർ മാത്രമാണ്.
പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം
മുഖ്യമന്ത്രി–-33, റോഷി അഗസ്റ്റിൻ–-22, ആന്റണി രാജു–-20, വി അബ്ദുറഹ്മാൻ–-28, ജി ആർ അനിൽ: 24, കെ എൻ ബാലഗോപാൽ–-22, മുഹമ്മദ് റിയാസ്–-28, പി രാജീവ്–-24, വി ശിവൻകുട്ടി–-25, വി എൻ വാസവൻ–-29, കെ രാജൻ–-25, കെ കൃഷ്ണൻകുട്ടി–-25, എ കെ ശശീന്ദ്രൻ–-24, അഹമ്മദ് ദേവർകോവിൽ–- 25, ആർ ബിന്ദു–-22, എം ബി രാജേഷ്–-25, പി പ്രസാദ്–-24, ജെ ചിഞ്ചുറാണി–-24, കെ രാധാകൃഷ്ണൻ–-23, വീണാ ജോർജ്–-25 . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ–- 25.















