തിരുവനന്തപുരം
യുജിസി ചട്ടങ്ങളിൽ വട്ടംചുറ്റിയുള്ള കേരള ഗവർണറുടെ ദുർവാശിയിൽ ചോദ്യം ചെയ്യപ്പെടുന്നത് രാജ്യത്തെ പകുതിയിലധികം സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം. ആരിഫ് മൊഹമ്മദ് ഖാന്റെ വാദം അനുസരിച്ചാണെങ്കിൽ, സംസ്ഥാന നിയമങ്ങൾ അനുസരിച്ച് നിയമിച്ച വിസിമാരെല്ലാം അയോഗ്യരാവും. കേന്ദ്ര സർവകലാശാലകളിലെയടക്കം വിസിമാർക്ക് അയോഗ്യത കൽപ്പിക്കുന്നതാണ് ഈ വാദം.
ആന്ധ്രയിലെ 25 സർവകലാശാലയിലെ വിസി നിയമനം സംസ്ഥാന നിയമം അനുസരിച്ചാണ്. സംസ്ഥാനം നിയോഗിക്കുന്ന സെർച്ച് കമ്മിറ്റി മൂന്നു പേര് നൽകും. അതിൽനിന്ന് ഒരാളുടെ പേര് സർക്കാർ ഗവർണർക്ക് കൈമാറും. തെലങ്കാനയിൽ 17 സർവകലാശാലയും ഇതേരീതി തുടരുന്നു. കേന്ദ്ര സർവകലാശാലകളിലും സമാന സ്ഥിതിയാണ്. അലിഗഢ്, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്, ബാംഗ്ലൂർ നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ അടക്കം സർവകലാശാല സ്റ്റാറ്റ്യൂട്ട് അനുസരിച്ചാണ് വിസി നിയമനം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലറായ പട്ന നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ 2018 മുതൽ വിസിയുടെ ചുമതല വിരമിച്ച ഹൈക്കോടതി ജഡ്ജിക്കാണ്. ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വിസിയെ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഉപദേശവും പരിഗണിക്കുന്നു.
കേരള സാങ്കേതിക സർവകലാശാലാ വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നാണ്, എല്ലാ സർവകലാശാലകളിലും നിയമവിരുദ്ധ നിയമനമെന്ന വാദം ഗവർണർ ഉയർത്തുന്നത്. കെടിയു വിധിക്കുമുമ്പ്, സർദാർ വല്ലഭായ് പട്ടേൽ സർവകലാശാലയുമായി ബന്ധപ്പെട്ട വിധിയിൽ ഗുജറാത്തിലെ സർവകലാശാലാ നിയമം യുജിസി വ്യവസ്ഥകൾക്ക് അനുസരിച്ചല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ വിസിക്ക് യുജിസി നിഷ്കർഷിക്കുന്ന പത്തുവർഷത്തെ പ്രൊഫസർ പദവി ഉണ്ടായിരുന്നില്ല. തർക്കം സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിസിയുടെ വിരമിക്കൽകാലം എത്തിയതിനാൽ ഇടപെടുന്നില്ലെന്നു പറഞ്ഞ് കേസ് തള്ളി. നിയമപ്രശ്നങ്ങൾ തീർപ്പാക്കപ്പെട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ, അതേ വ്യക്തിയെ വീണ്ടും വിസിയാക്കിയത് സുപ്രീംകോടതി റദ്ദാക്കി. യുജിസി മാനദണ്ഡം അനുസരിച്ചുമാത്രമേ വിസി നിയമനങ്ങൾ നടത്താവൂവെന്ന് ചാൻസലറായ ഗവർണർക്ക് യുജിസി കത്തയച്ചിരുന്നു. ഗവർണർ അത് സംസ്ഥാന സർക്കാരിന് നൽകി. ഇതെല്ലാം ലംഘിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു നിയമനം റദ്ദാക്കിയുള്ള വിധി. ഈ വിധി കെടിയു കേസിലും അടിസ്ഥാനമായി.