ന്യൂഡൽഹി
യുവജനവിരുദ്ധ നയങ്ങൾക്കും പെരുകുന്ന തൊഴിലില്ലായ്മയ്ക്കും എതിരെ കേന്ദ്ര സർക്കാരിന് താക്കീതായി ഡൽഹിയിൽ യുവജന മഹാപ്രവാഹം. ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയർത്തി സ്ഥാപകദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് യുവജനങ്ങള്‍ പങ്കാളിയായി. കേരളത്തിൽനിന്ന് നൂറുകണക്കിനു സമര വളന്റിയർമാരെത്തി. യുവജന പ്രക്ഷോഭത്തെ നേരിടാൻ വൻ പൊലീസ് സന്നാഹത്തെയാണ് കേന്ദ്ര സർക്കാർ വിന്യസിച്ചത്. മാർച്ച് ജന്തർമന്തറിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി അധ്യക്ഷനായി. ഹിന്ദുത്വമെന്ന വിഷം കുത്തിവച്ച് രാജ്യത്തെ സംഘപരിവാർ ഭിന്നിപ്പിക്കുകയാണ്. എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി തൊഴിലില്ലായ്മയ്ക്കെതിരെ രാജ്യത്തെ യുവത്വം തെരുവുകളിലേക്ക് ഇറങ്ങണമെന്ന് റഹിം പറഞ്ഞു. തൊഴിലില്ലായ്മ, കരാർവൽക്കരണം, അഗ്നിപഥ് പദ്ധതി തുടങ്ങിയവയ്ക്കെതിരെ ഡിവൈഎഫ്ഐ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമാണ് പാർലമെന്റ് മാർച്ച്.
എസ്എഫ്ഐ മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി നീലോൽപൽ ബസു, ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ, കേരള സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ബംഗാൾ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി, ത്രിപുര സംസ്ഥാന സെക്രട്ടറി നബാരൂൺ ദേബ്, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് തുടങ്ങിയവർ സംസാരിച്ചു.