തിരുവനന്തപുരം
പശ്ചിമഘട്ട ജൈവവൈവിധ്യ മേഖലയിൽ പുതിയ ഇനം തേനീച്ചയെ കണ്ടെത്തി. ഇന്ത്യൻ ബ്ലാക്ക് ഹണി ബീ. “എപിസ് കരിഞ്ഞൊടിയൻ’ എന്നാണ് ശാസ്ത്രീയനാമം.
വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ കഴിയും. കട്ടിയുള്ള തേൻ കൂടുതലായി ഉൽപ്പാദിപ്പിക്കും. കാർഷിക സർവകലാശാലയുടെ കരമനയിലുള്ള ഇന്റഗ്രേറ്റഡ് ഫാർമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷനിലെ അസിസ്റ്റന്റ് പ്രൊഫസർ എസ് ഷാനസ്, ചേർത്തല എസ്എൻ കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥി ജി അഞ്ജു കൃഷ്ണൻ, കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബയോടെക്നോളജി വിഭാഗം മേധാവി കെ മഷ്ഹൂർ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തിയത്. എന്റമോൺ (Entomon) ജേർണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു.
224 വർഷത്തിനുശേഷമാണ് രാജ്യത്ത് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്. 1798-ൽ ഡെന്മാർക്കുകാരനായ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് വിവരിച്ച ‘ എപിസ് ഇൻഡിക്കയാണ്’ ഇന്ത്യയിൽ അവസാനമായി കണ്ടെത്തിയത്. ഇതോടെ ലോകത്തിലെ തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി. പശ്ചിമഘട്ടത്തിൽ ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലാണ് എപിസ് കരിഞ്ഞൊടിയൻ കണ്ടുവരുന്നത്.