തിരുവനന്തപുരം
മുൻനിര വിദ്യാഭ്യാസ ആപ് കമ്പനിയായ ബൈജൂസിന്റെ ഓഫീസ് തുടർന്നും തിരുവനന്തപുരത്ത് പ്രവർത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് ഡെവലപ്മെന്റ് സെന്റർ ടെക്നോപാർക്കിൽ തുടരാൻ തീരുമാനിച്ചതെന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ അറിയിച്ചു. ഇതോടെ സെന്ററിലെ 140 ജീവനക്കാർക്കും തിരുവനന്തപുരത്തുതന്നെ തുടരാനാകും.
ഈ സാമ്പത്തികവർഷം മൂന്ന് ഓഫീസുകൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരംകൂടി ലഭ്യമാക്കും. പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാർക്ക് ബംഗളൂരു ഓഫീസിലേക്ക് മാറാൻ അവസരം നൽകിയത്. മികച്ച പ്രവർത്തനം ഉറപ്പുവരുത്താൻ ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനക്രമീകരണ പ്രവർത്തനങ്ങൾ തുടങ്ങിയശേഷം വളരെ വൈകിയാണ് തിരുവനന്തപുരം സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം ശ്രദ്ധയിൽ വന്നത്. തന്റെ വേരുകൾ കേരളത്തിലാണ്. തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള പ്രവർത്തനം ഒരു മാറ്റവുമില്ലാതെ തുടരുമെന്നും ബൈജു അറിയിച്ചു.
ബൈജൂസിലെ ജീവനക്കാർ നേരത്തേ തൊഴിൽമന്ത്രി വി ശിവൻകുട്ടിയെ കണ്ട് ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം ലേബർ കമീഷണർ നടത്തിയ ചർച്ചയിലും ഓഫീസ് തുടർന്നും പ്രവർത്തിപ്പിക്കുമെന്ന് ബൈജൂസ് അധികൃതർ അറിയിച്ചിരുന്നു.