കൊച്ചി
എളംകുളത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നേപ്പാളുകാരി ഭഗീരഥി ധാമിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന റാം ബഹദൂർ ബിസ്തിയുടെ താമസസ്ഥലം കണ്ടെത്തിയതായി സൂചന. നേപ്പാളിലുള്ള താമസസ്ഥലത്ത് അന്വേഷകസംഘം എത്തിയെങ്കിലും റാം ബഹദൂർ കടന്നുകളഞ്ഞു. അന്വേഷകസംഘം ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
നേപ്പാൾ പൊലീസിന്റെ സഹായത്തോടെയാണ് റാം ബഹദൂറിനായി തിരച്ചിൽ പുരോഗമിക്കുന്നത്. ഇയാൾ ഇന്ത്യയിലെ ആധാർ കാർഡും പാൻ കാർഡും സ്വന്തമാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേപ്പാളിയാണെന്ന വിവരം മറച്ചുവച്ചാണ് രേഖകൾ സ്വന്തമാക്കിയത്. ഇയാൾ സ്ഥിരം സന്ദർശിച്ചിരുന്ന ഡൽഹി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും അന്വേഷകസംഘം തിരച്ചിൽ നടത്തിയിരുന്നു.കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ബന്ധുക്കൾ ബുധനാഴ്ചയും മൃതദേഹം തിരിച്ചറിയാൻ എത്തിയിട്ടില്ല. ഡിഎൻഎ പരിശോധന പൂർത്തിയാക്കി ഉറപ്പിച്ചശേഷമേ ബന്ധുക്കൾക്ക് കൈമാറൂ എന്ന് പൊലീസ് അറിയിച്ചിരുന്നു.
മൃതദേഹത്തിന്റെ മുഖം വികൃതമായതിനാലാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. ഭഗീരഥിയുടെ രണ്ട് ബന്ധുക്കൾ ബംഗളൂരുവിൽനിന്ന് എത്തിയിരുന്നു. എന്നാൽ, രക്തബന്ധമുള്ളവരുടെ ഡിഎൻഎ പരിശോധിച്ചാൽമാത്രമേ മരിച്ചത് ഭഗീരഥിയാണെന്ന് ഉറപ്പിക്കാനാകൂ. അതിനാൽ നേപ്പാളിലുള്ള മാതാപിതാക്കളോ സഹോദരങ്ങളോ എത്തണമെന്നാണ് പൊലീസ് നിർദേശം.