കൊച്ചി
സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ആഭിചാരക്കൊല നടത്താൻ മുഹമ്മദ് ഷാഫി ആറ് ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തി. ഇലന്തൂർ ആഭിചാരക്കൊലക്കേസിലെ രണ്ടാംപ്രതി ഭഗവൽസിങ്ങിന്റെയും മൂന്നാംപ്രതി ലൈലയുടെയും കൈയിൽനിന്നാണ് പണം വാങ്ങിയത്. ആദ്യം മൂന്ന് ലക്ഷം വാങ്ങി. വീണ്ടും ആവശ്യപ്പെട്ടതോടെ രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറി. എല്ലാം നേരിട്ട് പണമായാണ് നൽകിയത്. ഒരു കൊലപാതകംകൂടി നടത്തി ദമ്പതികളിൽനിന്ന് വീണ്ടും പണംവാങ്ങാനും ഷാഫി പദ്ധതിയിട്ടിരുന്നു. ഇരയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ ഷാഫി സൂചന നൽകി.
ഷാഫി മൂന്നാമതൊരു കൊലപാതകം നടത്തിയതായി പൊലീസ് തുടക്കത്തിലേ സംശയിക്കുന്നുണ്ട്. ഫൊറൻസിക് പരിശോധനയിൽ ആഭിചാരക്കൊലയ്ക്കിരയായ പത്മയുടെയോ റോസിലിയുടെയോ അല്ലാതെ മറ്റാരുടെയെങ്കിലും ഡിഎൻഎ ലഭിച്ചാൽ മൂന്നാമതൊരു കൊലപാതകം നടന്നതായി വ്യക്തമാകും. നവംബർ അവസാനത്തോടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചേക്കും. മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപവരെ ലഭിക്കുമെന്നും ഇതു വാങ്ങാൻ ബംഗളൂരുവിൽനിന്ന് ആളെത്തുമെന്നും ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ, ഷാഫിക്ക് ഇത്തരത്തിൽ ആരുമായും ബന്ധമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.