കൊച്ചി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേൾക്കാൻ പ്രവർത്തകർ എത്താഞ്ഞതിന്റെപേരിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ രാജിവയ്പിച്ച എറണാകുളത്ത് സ്ഥാനം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പക്ഷം പിടിച്ചെടുത്തു. ജില്ലാ പ്രസിഡന്റായി കെ എസ് ഷൈജുവിനെ സുരേന്ദ്രൻ നിയമിച്ചു. ഗ്രൂപ്പുപോരും സാമ്പത്തിക ആരോപണങ്ങളും രൂക്ഷമായ ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാൻ സുരേന്ദ്രൻവിഭാഗം രണ്ടരവർഷമായി നടത്തിയ നീക്കമാണ് വിജയിച്ചത്. കൃഷ്ണദാസ് പക്ഷത്തെ പ്രധാന നേതാവായ എ എൻ രാധാകൃഷ്ണന്റെ തട്ടകത്തിലും ഇതോടെ സുരേന്ദ്രൻ ഗ്രൂപ്പിന്റെ സമ്പൂർണ ആധിപത്യമായി.
എറണാകുളത്ത് ആർഎസ്എസ് നോമിനിയായി വന്ന പ്രസിഡന്റ് എസ് ജയകൃഷ്ണന് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഫണ്ട് പിരിവ് പലകോണിലും നടന്നെങ്കിലും ജില്ലാ കമ്മിറ്റി ഓഫീസ് വാടകപോലും കുടിശ്ശികയായത് ചർച്ചയായി. ഒടുവിൽ സെപ്തംബർ ഒന്നിന് നെടുമ്പാശേരിയിൽ മോദിക്ക് ബിജെപി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ആളില്ലാതായതോടെയാണ് രാജിവയ്ക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്.
ആർഎസ്എസ് നോമിനിയായി വന്നയാൾക്ക് സംഘടനാപരിചയം ഇല്ലാതിരുന്നതുകൊണ്ടാണ് പാർടി പ്രവർത്തനം ജില്ലയിൽ സ്തംഭിച്ചതെന്ന് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചാണ് സുരേന്ദ്രൻ സ്വന്തം ഗ്രൂപ്പുകാരനെ പുതിയ പ്രസിഡന്റാക്കിയത്. കൃഷ്ണദാസ് പക്ഷം എം എ ബ്രഹ്മരാജിനുവേണ്ടിയും കുമ്മനം രാജശേഖരൻ, ഡോ. കെ എസ് രാധാകൃഷ്ണൻ എന്നിവർ സംസ്ഥാനസമിതി അംഗം സി ജി രാജഗോപാലിനുവേണ്ടിയും വാദിച്ചെങ്കിലും ഫലമുണ്ടായില്ല.