തിരുവനന്തപുരം
ഗവർണർ പിരിച്ചുവിടാൻ നോട്ടീസ് കൊടുത്ത വൈസ് ചാൻസലർമാരുടെയും പിൻവലിക്കപ്പെട്ട കേരള സെനറ്റംഗങ്ങളുടെയും ഹർജികളിൻമേലുള്ള കോടതി നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത് ചാൻസലർ പദവിയുടെ പരിധി. അതത് സർവകലാശാലയുടെ നിയമവും ചട്ടവും അനുസരിച്ചേ ചാൻസലർക്ക് പ്രവർത്തിക്കാനാകൂ. പ്രീതി എന്നത് വ്യക്തിപരമല്ല എന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. സെനറ്റംഗങ്ങളെ പിൻവലിച്ച നടപടിയിലും സമാന നിയമപ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒമ്പത് വൈസ് ചാൻസലർമാർ മണിക്കൂറുകൾക്കുള്ളിൽ രാജിവച്ചുപോകണമെന്ന് നോട്ടീസ് നൽകിയ ചാൻസലറുടെ നടപടി ജനാധിപത്യപരമല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ തിരിച്ചടിയെ തുടർന്ന് നടപടിക്രമങ്ങൾ നിയമപ്രകാരമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചാൻസലർ. വിശദീകരണം ചോദിച്ചും ഹിയറിങ്ങിന് ദിവസം നിശ്ചയിച്ചും നടപടി ക്രമങ്ങൾ ഓരോന്നായി നടപ്പാക്കിയെന്ന് വരുത്തുന്നു. നാലിനുള്ളിൽ മറുപടി നൽകണമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, ഏഴിനുള്ളിൽ ഹിയറിങ് വേണോയെന്ന് അറിയിക്കണമെന്നു കാണിച്ച് നോട്ടീസ് നൽകിയിരിക്കുകയാണ് ചാൻസലർ.
സെനറ്റ് അംഗങ്ങളുടെ കാര്യത്തിലും സർവകലാശാല നിയമവും ചട്ടങ്ങളും ചാൻസലർ പൂർണമായും പാലിക്കേണ്ടിവരുമെന്ന് തന്നെയാണ് കോടതിയുടെ നിരീക്ഷണങ്ങളും തുടർനടപടികളും തുറന്നുകാണിക്കുന്നത്. നാലിന് സെനറ്റ് യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിൽ സെർച്ച് കമ്മിറ്റിയംഗത്തെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് കോടതിയിൽ സർവകലാശാല നിലപാടെടുത്തത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ടംഗ സെർച്ച് കമ്മിറ്റിയെ ചാൻസലർ നിയോഗിച്ചത് നിയമവിരുദ്ധമായതിനാൽ അത് പിൻവലിക്കണമെന്ന പഴയ തീരുമാനം പുനഃപരിശോധിക്കണോ എന്നതു മാത്രമാണ് നാലിലെ അജൻഡ. അതിൽത്തന്നെ ചാൻസലർ പിൻവലിച്ച 14 സെനറ്റംഗങ്ങൾക്ക് പങ്കെടുക്കാനാകുമോ എന്നതിലും കോടതി വ്യക്തത വരുത്തിയിട്ടില്ല.
വിസി തെരഞ്ഞെടുപ്പിന് നാലിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ട് പത്ത് ദിവസത്തെ നോട്ടീസിൽ പ്രത്യേക യോഗം വിളിക്കലാണ് ഇനി നിയമപ്രകാരമുള്ള വഴി. ഇക്കാര്യവും കോടതിക്ക് ബോധ്യപ്പെട്ടു. സർവകലാശാല നിയമവുമായി ഒത്തുപോകാത്ത നടപടികൾ ചാൻസലർ തുടരുകയാണെങ്കിൽ നിയമയുദ്ധവും നീളുമെന്ന് വ്യക്തം.