മനാമ > മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ സ്കൂള്‍ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുന്നു. ഇസ ടൗണ്‍ കാമ്പസില്‍ ഈ മാസം 23,24,25 തീയതികളിലാണ് മെഗാഫെയര്‍. വൈകിട്ട് 6 മുതല്‍ 11 വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുക. ഫുഡ് ഫെസ്റ്റിവലും വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പ്രദര്‍ശനവും ഉണ്ടാകും.
ഫെയറിന്റെ ആദ്യ ദിവസം സ്കൂള്‍ യുവജനോത്സവത്തിന്റെ ഫിനാലെ അരങ്ങേറും. രണ്ടാം ദിവസം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മൃദുല വാര്യര്‍ നയിക്കുന്ന ദക്ഷിണേന്ത്യന്‍ സംഗീത പരിപാടി. സമാപന ദിവസം ബോളിവുഡ് ഗായിക ഭൂമി ത്രിവേദി നയിക്കുന്ന സംഗീത മേളയും അരങ്ങേറും.
ഫെയറിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ആര്‍ട് എക്സിബിഷന് സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാവും. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ സ്കൂളിന്റെ രണ്ടു കാമ്പസുകളില്‍ നിന്നുമുള്ള അധ്യാപകര്‍ ഫുഡ് സ്റ്റാളുകളും ഗെയിം സ്റ്റാളുകളും ഒരുക്കും. കുട്ടികള്‍ക്കായി വിവിധ കളിക്കോപ്പുകള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കും. വാട്ടര്‍ഷോ, പ്രോപ്പര്‍ട്ടി, മെഡിക്കല്‍,എജുക്കേഷന്‍, ഫൈനാന്‍സ്, വസ്ത്രവ്യാപാരം തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യക എക്സിബിഷന് ഒരുക്കും. പ്രവാസി കുടുംബങ്ങള്‍ക്ക് വിനോദപരിപാടികളില്‍ പങ്കെടുക്കാനും ആസ്വദിക്കാനും മെഗാ ഫെയര്‍ അവസരം ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു
ഇന്ത്യന്‍ സ്കൂള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ വിനോദപരിപാടികളും സ്റ്റാളുകളും ഉണ്ടാകും. ബാസ്കറ്റ് ബോള്‍ ഗ്രൗണ്ടില്‍ ഫുഡ് സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. കുട്ടികള്‍ക്കുള്ള വിവിധ വിനോദ പരിപാടികള്‍ സജ്ജമാക്കും. മെഗാ ഫെയര്‍ ഫുഡ് സ്റ്റാളുകള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാചകരുചി വൈവിധ്യങ്ങള്‍ അനുഭവിക്കാന്‍ അവസരം നല്‍കും..
ഫെയറിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും അടങ്ങിയ 501 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ബിസിനസ് പ്രമുഖനായ പി ഷാനവാസ് ജനറല്‍ കണ്‍വീനറും മുഹമ്മദ് മാലിം രക്ഷാധികാരിയുമായ സ്വാഗത സംഘത്തില്‍ ഇന്ത്യന്‍ സ്കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരും അംഗങ്ങളാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെ നേതൃത്വത്തില്‍ വെവ്വേറെ കമ്മിറ്റികള്‍ രൂപീകരിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് പന്ത്രണ്ടായിരം വിദ്യാര്‍ത്ഥികളാണ് ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്കി സഹായിക്കാനാണ് മുഖ്യമായും സ്കൂള്‍ ഫെയര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടൊപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അധ്യാപകരുടെയും ക്ഷേമം ഉറപ്പുവരുത്താനും മേളയിലൂടെ ധന സമാഹരണം നടത്തും.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ടെന്നും ഒരു കമ്മ്യുണിറ്റി സ്കൂള്‍ എന്ന നിലക്ക് അശരണരെ സഹായിക്കുകയെന്നത് സ്കൂളിന്റെ ഉത്തരവാദിത്തമാണെന്നും ചെയര്മാന് പ്രിന്‍സ് എസ് നടരാജനും സെക്രട്ടറി സജി ആന്റണിയും പറഞ്ഞു. ജിസിസി യിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ സ്കൂള്‍ ഓരോ വര്‍ഷവും ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നല്കി സഹായിക്കുന്നതായും അവര്‍ അറിയിച്ചു. പ്രിന്‍സ് എസ് നടരാജന്റെയും സജി ആന്റണിയുടെയും നേതൃത്വത്തില്‍ അഞ്ചാമത് സ്കൂള്‍ മെഗാഫെയറാണ് ഇത്തവണ നടക്കുന്നത്. നേരത്തെ നടന്ന നാല് മെഗാ ഫെയറുകളും വന്‍ വിജയമായിരുന്നു.
ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറിനു പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഷാനവാസും രക്ഷാധികാരി മുഹമ്മദ് മാലിമും പറഞ്ഞു. സ്റ്റാള്‍ ബുക്കിംഗിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഇന്ത്യന്‍ സ്കൂളിന് സമീപമുള്ള സ്റ്റേഡിയത്തിലും തൊട്ടടുത്ത സ്കൂള്‍ ഗ്രൗണ്ടിലും വിശാലമായ പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കും. മേളയും പരിസരങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കുമെന്നും അവര്‍ അറിയിച്ചു.