കോട്ടയം > കേരള സര്ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം ( 2022) നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. മലയാളസാഹിത്യത്തിന്നു നല്കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം സമർപ്പിക്കുന്നതെന്ന് സാംസ്കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന് ചെയര്മാനും പ്രൊഫസര് എം കെ സാനു, വൈശാഖന്, കാലടി ശ്രീശങ്കരാചാര്യസര്വ്വകലാശാല വൈസ് ചാന്സലര് ഡോ. എം വി നാരായണന്, സാംസ്കാരികവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി റാണി ജോര്ജ്ജ് ഐ എ എസ് എന്നിവർ അംഗങ്ങളുമായ വിധിനിര്ണ്ണയസമിതിയാണ് പുരസ്കാരം സേതുവിന് സമര്പ്പിക്കാന് ഏകകണ്ഠമായി ശുപാര്ശ ചെയ്തത്.
മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന് ബാങ്കിന്റെ ചെയര്മാന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂര് ബാങ്കിന്റെ ഡയറക്ടര്, നാഷണല് ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്മാന് തുടങ്ങിയ വലിയ പദവികളില് മഹത്തായ സംഭാവനകള് നല്കിയ ശ്രേഷ്ഠവ്യക്തിത്വമാണ് അദ്ദേഹം.
ആലുവയില് കടുങ്ങല്ലൂരിലെ പ്രശാന്തസുന്ദരമായ അന്തരീക്ഷമുള്ള വീട്ടില് സേതു അക്ഷരത്തെ ഉപാസിച്ചുകൊണ്ട് എണ്പത് വയസ്സ് പിന്നീടുകയാണ്. അദ്ദേഹത്തെ മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്ഡുകളും തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്, അടയാളങ്ങള്, കിരാതം, ആറാമത്തെ പെണ്കുട്ടി, കിളിമൊഴികള്ക്കപ്പുറം തുടങ്ങിയ നോവലുകള് മലയാളത്തില് ബെസ്റ്റ് സെല്ലറുകളാണ്. നോവലിനും കഥയ്ക്കുമീിടയില് വിവിധ ഇന്ത്യന് ഭാഷകളിലും വിദേശഭാഷകളിലും അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകള്ക്കും അദ്ദേഹത്തിന്റെ കഥകള് അടിസ്ഥാനമായി.
സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള് പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ്. ജീവിതാനുഭവങ്ങളുടെ ഒരു വലിയ ബാങ്ക് നിക്ഷേപമുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്വ്വചനങ്ങള്ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവെയ്ക്കുന്ന എഴുത്തുകാരനാണ് സേതു. പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന് കാണിച്ച സൂക്ഷ്മജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നു. അതോടൊപ്പം തന്റെ രചനകളും ജീവിതവും വഴി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള് ഉയര്പ്പിപ്പിടിക്കുന്ന എഴുത്തുകാരനാണ് സേതു.
മലയാളസാഹിത്യത്തിലെ കുലപതിമാരില് ഒരാളായ എം ടി വാസുദേവന് നായരാണ് സേതുവിന്റെ ആദ്യരചനകളെ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രകാശിപ്പിച്ചത്. സേതുവിന്റെ സര്ഗാത്മകജീവിതം ഒരു തീര്ത്ഥാടനം പോലയാണെന്ന് എം ടി അടയാളപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും പോയ വഴിയിലൂടെയല്ലാതെ തന്റേതായ ഒരു രീതി കണ്ടെത്തിയ സേതുവിനെ എം ടി ശ്ലാഘിക്കുന്നു.
ഏറ്റവും ആധുനികമായ കാലത്തെ അഭിസംബോധന ചെയ്യുമ്പോഴും ഒരു ഗ്രാമീണനായ നാട്ടിന്പുറത്തുകാരന്റെ മനസ്സ് സേതു നിലനിര്ത്തുന്നു. കഥകളിലും നോവലിലും പുതിയ അഭിരുചിയും സംവേദനവും കൊണ്ടുവന്ന സേതു എല്ലാ തലമുറയിലുംപെട്ട വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിക്കാന് ശ്രമിച്ച സേതുവിന്റെ ആഖ്യാനഭാഷ ഹൃദ്യവും ലളിതവുമാണ്. നാട്ടുഭാഷണത്തിന്റെ മൊഴിവഴക്കങ്ങള് അദ്ദേഹം അതിമനോഹരമായി പ്രയോജനപ്പെടുത്തുന്നു. തികച്ചും നൈസര്ഗ്ഗികമായ ഒരു ഭാഷാന്തരീക്ഷമാണ് സേതുവിന്റെ ആഖ്യാനകലയില് നിറഞ്ഞുനില്ക്കുന്നത്.
കുടുംബബന്ധങ്ങളെക്കുറിച്ച് എഴുതുമ്പോഴാണ് സേതുവിലെ എഴുത്തുകാരന്റെ പ്രതിഭ നിറഞ്ഞുകത്തുന്നത്. ആധുനികകാലഘട്ടത്തിലെ ജീവിക്കാനുള്ള നെട്ടോട്ടത്തില് മനുഷ്യര്ക്ക് നഷ്ടപ്പെടുന്ന പാരസ്പര്യവും നൈര്മ്മല്യവും സേതു ഒപ്പുകടലാസിലെന്നതുപോലെ ഒപ്പിയെടുക്കുന്നു. ഹൃദയബന്ധങ്ങള്ക്ക് തകര്ച്ച സംഭവിക്കുമ്പോഴും കുടുംബം നിലനിര്ത്താന് എല്ലാം സഹിക്കുന്ന സ്ത്രീകള് സേതുവിന്റെ മികച്ച കഥാപാത്രങ്ങളാണ്. ആഗോളവല്ക്കരണകാലത്തെ സാമ്പത്തികപ്രക്രിയകളും മനുഷ്യജീവിതവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധങ്ങളുടെ ആര്ദ്രമോഹനമായ ആവിഷ്കാരമാണ് അടയാളങ്ങള്. പാണ്ഡവപുരം എന്ന സേതുവിന്റെ മാസ്റ്റര്പീസായ നോവല് മലയാളനോവല്ചരിത്രത്തില് ഒരു വിച്ഛേദംതന്നെ കൊണ്ടുവന്നു. ഇതിവൃത്തത്തിന്റെയും ഭാവഭദ്രതയുടെയും സമന്വയമായി വാര്ന്നുവീണ അതുല്യമായ നോവലാണ് പാണ്ഡവപുരം. മലയാളികളുടെ സദാചാരസങ്കല്പങ്ങളെയും മൂല്യവിചാരങ്ങളെയും നിര്ഭയം അഭിമുഖീകരിക്കാനും ആഴത്തില് പുതുക്കിപ്പണിയാനും ആര്ജ്ജവം കാണിച്ച പാണ്ഡവപുരം എന്ന ഒരൊറ്റ നോവല് മതി സേതുവിന് മലയാളസാഹിത്യത്തില് അനശ്വരത നേടാന്.
കേരളീയമായ സാമൂഹ്യപരിസരങ്ങളെ ആവിഷ്കരിക്കുമ്പോള് ഭ്രമാത്മകതയുടെയും പേടിസ്വപ്നങ്ങളുടെയും അനുഭവലോകത്തെ കൂടി സേതു സൃഷ്ടിക്കുന്നു. അബോധമനസ്സിന്റെ ആഴങ്ങളില് മറഞ്ഞുകിടക്കുന്ന ആദിമചോദനകളെ സേതു സാക്ഷ്യപ്പെടുത്തുന്നു. ഫാന്റസി മലയാളത്തില് ഏറ്റവും ഉചിതവും അര്ത്ഥപൂര്ണ്ണവുമായി പ്രയോഗിച്ചത് സേതുവാണ്. മലയാളികള് അവയില് സ്വന്തം മുഖവും മനസ്സുമാണ് കണ്ടുനിന്നത്.
ഏതെങ്കിലും സിദ്ധാന്തത്തെ സാക്ഷാത്കരിക്കാനുള്ള ശ്രമമില്ല സേതുവിന്. അദ്ദേഹത്തിന്റെ വിഷയം മനുഷ്യജീവിതമാണ്. അതിലെ ആന്തരികവൈരുദ്ധ്യങ്ങളാണ്. വൈകാരികബന്ധങ്ങളിലെ ലയഭംഗങ്ങളാണ്. വരികള്ക്കിടയിലൂടെ വായിച്ചെടുക്കാവുന്ന കഥകളാണ് സേതു പറഞ്ഞുകൊണ്ടിരിക്കുന്നത്. അവയില് നന്മ നിറഞ്ഞ മനസ്സിന് ഉടമകളായ സാധാരണമനുഷ്യരെയാണ് നമ്മള് കണ്ടെത്തുന്നത്.
സേതുവിന്റെ ഔദ്യോഗികജീവിതം അക്കങ്ങളുടെ നടുവിലായിരുന്നു. എന്നാല്, അക്ഷരത്തിന്റെ വിശാലലോകത്തേയ്ക്കാണ് അദ്ദേഹം തന്റെ മഹാപ്രതിഭയെ വ്യാപരിപ്പിച്ചത്. മലയാളികളുടെ ആത്മാവിന്റെ മുറിച്ചുമാറ്റാനാവാത്ത ഭാഗമാണ് സേതു സൃഷ്ടിച്ച കഥാപ്രപഞ്ചം. അവയെപ്പറ്റി അക്കാദമിക്കായ പുതിയ പഠനങ്ങള് കാലം ആവശ്യപ്പെടുന്നുണ്ട്.
സാഹിത്യ അക്കാദമി പ്രസിഡൻറ് കെ സച്ചിദാനന്ദൻ, സെക്രട്ടറി സി പി അബുബക്കർ, സംഗീത നാടക അക്കാദമി സെക്രട്ടറി ജനാർദ്ദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.