മോർബി
ഗുജറാത്തിലെ മോർബി ജില്ലയിൽ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. തിങ്കളാഴ്ചയിലെ തിരച്ചിൽ നിർത്തിവച്ചു. ചൊവ്വ രാവിലെ പുനരാരംഭിക്കും. ഞായർ വൈകിട്ട് ആറരയോടെയാണ് 143 വർഷം പഴക്കമുള്ള തൂക്കുപാലം നദിയിലേക്ക് തകർന്നുവീണത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന പാലം ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പാലം തുറന്നത് അറിയില്ലെന്ന് മോർബി മുനിസിപ്പൽ അധികൃതർ അറിയിച്ചു. വേണ്ടത്ര അനുഭവപരിചയമുള്ള കമ്പനിക്കല്ല അറ്റകുറ്റപ്പണി കരാർ നൽകിയതെന്ന ആരോപണവും ഉയർന്നു. അറ്റകുറ്റപ്പണി ഏറ്റെടുത്ത ഗുജറാത്തിലെ ഒറേവ ഗ്രൂപ്പ് ക്ലോക്–- ഇലക്ട്രിക് ഉൽപ്പന്ന നിർമാതാക്കളാണ്. മാർച്ചിൽ അടച്ച പാലം കഴിഞ്ഞ 26നാണ് തുറന്നത്.
നൂറ്റിഇരുപത്തഞ്ച് പേരെമാത്രം ഒരുസമയം താങ്ങാനാകുന്ന പാലത്തിൽ അപകടമുണ്ടാകുമ്പോൾ അഞ്ഞൂറിലധികം പേരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. പാലത്തിന്റെ മധ്യഭാഗം തകർന്നപ്പോൾ ഇവർ നദിയിലേക്ക് വീണു. ചെളിനിറഞ്ഞ നദിയായതിനാൽ പലർക്കും രക്ഷപ്പെടാനായില്ല. നിരവധി പേർ ചെളിയിൽ പുതഞ്ഞുകിടക്കുന്നതായാണ് വിവരം.
അന്വേഷിക്കണം: സിപിഐ എം
തൂക്കുപാലം അപകടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം. പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടായിരുന്നില്ല എന്നതടക്കം നിരവധി ചോദ്യങ്ങൾക്ക് ഗുജറാത്ത് സർക്കാർ ഉത്തരം പറയണമെന്ന് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പാലത്തിൽ എത്ര പേരെ അനുവദിക്കാം, ആരുടെ പരാജയമാണ് ദുരന്തത്തിലേക്ക് നയിച്ചത് തുടങ്ങിയവയെല്ലാം സർക്കാർ വ്യക്തമാക്കണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഇപ്പോൾ ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ദുരന്തത്തിൽ ജീവൻപൊലിഞ്ഞവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.